നാദാപുരത്ത് ബന്ധുക്കൾക്ക് സംസ്കരിക്കാൻ വിട്ടു നൽകിയ മൃതദേഹം പൊലീസ് പോസ്റ്റ്മോർട്ടത്തിനായി തിരിച്ചു വാങ്ങി. കോഴിക്കോട് വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞ് വീണ് മരിച്ച നാദാപുരം സ്വദേശിയുടെ മൃതദേഹമാണ് പൊലീസ് തിരിച്ചു വാങ്ങിയത്. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് നാദാപുരം റോഡ് സ്വദേശി ഹംസ ഹാജി (71) പരാതി നൽകാനായി എത്തിയപ്പോൾ വടകര പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞ് വീണത്.
പൊലീസ് ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പരാതിയില്ലെന്ന് എഴുതി വാങ്ങി രാത്രിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയിരുന്നു. ഖബറടക്കത്തിന് ഒരുക്കങ്ങൾ നടത്തവേയാണ് പൊലീസ് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരിച്ചെടുത്തത്. പരാതി ഉയരാതിരിക്കാനാണ് മൃതദേഹം തിരിച്ചെടുത്ത് പോസ്റ്റ്മോർട്ടം നടത്തുന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.














