വൈദ്യുതി ബോർഡ് മുൻ ചെയർമാനെടുത്ത പ്രതികാര നടപടികൾ പിൻവലിച്ച് ബോർഡ്. സംഘടനാ നേതാക്കളുടെ പ്രൊട്ടക്ഷൻ വ്യവസ്ഥയിലാണ് മാറ്റം പ്രൊട്ടക്ഷൻ അതത് ജിലയിൽ മാത്രമായി പരിമിതപ്പെടുത്തിയ ഉത്തരവ് റദ്ദാക്കി ഉത്തരവിന് മുമ്പുള്ള രീതി തുടരുമെന്നും ബോർഡ് ജില്ലയ്ക്ക് പുറത്തേക്ക് മാറ്റിയ സംഘടനാ നേതാക്കൾക്ക് തിരികെയെത്താം.
വൈദ്യുതി ബോർഡിൽ മുൻ ചെയർമാൻ ബി.അശോക് എടുത്ത നടപടികളാണ് പിൻവലിച്ചത്. സംഘടനാ നേതാക്കൾക്കുള്ള പ്രൊട്ടക്ഷൻ അതത് ജില്ലയിൽ മാത്രമായി പരിമിതപ്പെടുത്തിയ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഇതോടെ ജില്ലക്ക് പുറത്തേക്ക് മാറ്റിയ സംഘടനാ നേതാക്കൾക്ക് തിരികെയെത്താൻ വഴിയൊരുങ്ങി.അതാത് ജില്ലകളിൽ ഉള്ളവർക്ക് മാത്രമായി പ്രൊട്ടക്ഷൻ പരിമിതപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല എന്നുള്ളതായിരുന്നു യൂണിയനുകളുടെ നിലപാട്. നേരത്തെ ബി.അശോക് വൈദ്യുതി ബോർഡ് ചെയർമാനായിരുന്നപ്പോൾ ഇടതു സംഘടനകളുമായുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് പ്രൊട്ടക്ഷൻ ആനുകൂല്യം എടുത്തുകളയുകയും പുതിയ രീതി കൊണ്ടുവരികയും ചെയ്തത്.

ഇതിനെതിരെ വലിയ തരത്തിലുള്ള പ്രക്ഷോഭം വൈദ്യുതി ബോർഡിലുണ്ടായി. അനിശ്ചിതകാല നിരാഹാര സമരം ഉൾപ്പെടെയുള്ളവ നടക്കുകയും ചെയ്തു. മാത്രമല്ല മുതിർന്ന സിപിഐഎം നേതാക്കൾ തന്നെ രംഗത്ത് വരുന്ന സാഹചര്യവും ഉണ്ടായിരുന്നു. തുടർന്ന് അശോക് സ്ഥാനത്ത് നിന്ന് മാറിയ ശേഷമാണ് അദ്ദേഹം എടുത്ത നടപടികൾ പിൻവലിക്കുന്നതിനെ കുറിച്ചും ഇതിൽ ഒരു പുനരാലോചന നടത്തുന്നതിനെ കുറിച്ചും സർക്കാർ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ചേർന്ന ഡയറക്ടർ ബോർഡ് യോഗം ഈ ഉത്തരവ് പിൻവലിക്കുകയായിരുന്നു.













