പതിനഞ്ചാം നിയമസഭയുടെ പത്താം സമ്മേളനത്തിന് നാളെ തുടക്കം

സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് മുറുകുന്നതിനിടയില്‍ പതിനഞ്ചാം നിയമസഭയുടെ പത്താം സമ്മേളനത്തിന് നാളെ തുടക്കമാകും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനങ്ങള്‍ പ്രസംഗത്തില്‍ ഗവര്‍ണര്‍ ഉള്‍പ്പെടുത്തുമോ എന്നതാണ് ഉറ്റു നോക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ ഭരണപ്രതിപക്ഷ പോരാട്ടത്തിന്റെ വേദിയായി ഈ സമ്മേളനം മാറും.ഇടഞ്ഞ് നില്‍ക്കുന്ന ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനാണ് രാഷ്ട്രീയ കേരളം കാതോര്‍ത്തിരിക്കുന്നത്.

കേന്ദ്ര വിമര്‍ശനങ്ങള്‍ ഗവര്‍ണര്‍ വായിക്കുമോ, ഒഴിവാക്കുമോ എന്നതാണ് അറിയേണ്ടത്. തര്‍ക്കങ്ങള്‍ ഇല്ലാതെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചത് മാത്രമാണ് സര്‍ക്കാറിന് ആശ്വാസം. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ രാഷ്ട്രീയ പോരിനും സഭാ സമ്മേളനം വേദിയാകും. പതിവു പോലെ ഈ സമ്മേളനത്തിലും മാസപ്പടി വിവാദം ചൂടിയേറിയ വാഗ്വാദങ്ങള്‍ക്ക് വഴിയൊരുക്കും. എക്‌സാലോജിക്കിനെതിരെ പുറത്തുവന്ന ആര്‍ഒസി റിപ്പോര്‍ട്ടാണ് പ്രതിപക്ഷത്തിന്റെ മുഖ്യ ആയുധം.

മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് സിഎംആര്‍എല്‍ വിവാദം വീണ്ടും സഭയില്‍ എത്തിക്കാനാണ് പ്രതിപക്ഷം തയ്യാറെടുക്കുന്നത്.കരുവന്നൂരും കണ്ടലയും തുടങ്ങി സഹകരണ തട്ടിപ്പുകളും പ്രതിപക്ഷത്തിന്റെ ആവനാഴിയിലെ ആയുധങ്ങളാണ്. നവ കേരള സദസിന്റെ ഊര്‍ജ്ജത്തിലാണ് ഭരണപക്ഷം സഭയില്‍ പ്രതിരോധം തീര്‍ക്കുക. പൊലീസ് നടപടികളും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്റെ അറസ്റ്റും ചര്‍ച്ചയാകും. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം ഭരണപക്ഷം ആയുധമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

മാത്യു കുഴല്‍നാടന്റെ ചിന്നക്കനാല്‍ റിസോര്‍ട്ടിലെ പരിശോധനകളും വാക് പോരിന് വഴി തുറക്കും.
കേന്ദ്ര അവഗണനയും ഡല്‍ഹിയിലെ മുഖ്യമന്ത്രിയുടെ സമരവും സഭയിലെ പ്രധാന വിഷയമാകും. പ്രതിപക്ഷ ബഹിഷ്‌കരണത്തെ ഭരണപക്ഷം രാഷ്ട്രീയ ആയുധമാക്കും. ബിജെപി ബാന്ധവം ആരോപിച്ച് പ്രതിപക്ഷത്തെ നിശബ്ദമാക്കാനാകും ഭരണപക്ഷം ശ്രമിക്കുക. ഫെബ്രുവരി അഞ്ചിനാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക. മാര്‍ച്ച് 27 വരെയാണ് നിലവില്‍ സഭാ സമ്മേളനം ആസൂത്രണം ചെയ്തിരിക്കുന്നത്. സമ്മേളനം പുനക്രമീകരിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കാര്യോപദേശക സമിതി ചര്‍ച്ച ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *