അഭിഭാഷകയുടെ മരണത്തില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ ഇന്ന് കോടതി നടപടികള്‍ ബഹിഷ്‌കരിക്കും


അഭിഭാഷകയുടെ മരണത്തില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ ഇന്ന് കോടതി നടപടികള്‍ ബഹിഷ്‌കരിക്കും. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ ആത്മഹത്യയില്‍ ആരോപണവിധേയരായ മേലുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇന്നലെ നടന്ന കൊല്ലം ബാര്‍ അസോസിയേഷന്‍ അടിയന്തര യോഗത്തിലായിരുന്നു തീരുമാനം.എപിപി അനീഷയുടെ ആത്മഹത്യയില്‍ ആരോപണ വിധേയരായ കൊല്ലം ഡിഡിപിയേയും പരവൂര്‍ കോടതിയിലെ മറ്റൊരു എപിഎയേയും ബഹിഷ്‌കരിക്കാന്‍ കൊല്ലം ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചു. ഇവര്‍ മാനസികമായി പീഡിപ്പിച്ചു എന്നാണ് അനീഷ്യ ആത്മഹത്യ കുറിപ്പില്‍ പറയുന്നത്.


മേലുദ്യോഗസ്ഥരുടെയും സഹപ്രവര്‍ത്തകരുടെയും മാനസിക പീഡനവും സമ്മര്‍ദ്ദവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന അനീഷ്യയുടെ ശബ്ദസന്ദേശവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.ഡിഡിപി അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആയിരുന്നു നിര്‍ദേശം. എന്നാല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നേരിട്ട് അന്വേഷിച്ചാല്‍ മതി എന്ന് ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.


ഒരു ഡിഡിപി മറ്റൊരു ഡിഡിപിയെ കുറിച്ച് അന്വേഷിച്ചാല്‍ സത്യം പുറത്തു വരില്ലെന്നും അംഗങ്ങള്‍ പറഞ്ഞു.ആരോപണ വിധേയരായ മേലുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് കൊല്ലം ബാര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ചയാണ് അനീഷ്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആയിരുന്നു അനീഷ്യ.



Sharing is Caring