തടസമില്ലാത്ത ഡിജിറ്റല്‍ ഫിനാന്‍സിംഗ് പരിഹാരങ്ങള്‍ക്കായി എച്ച്ഡിഎഫ്സി ബാങ്കുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ച് ടാറ്റ മോട്ടോഴ്സ്


മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖല ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കുമായി ധാരണാപത്രത്തില്‍ ഒപ്പിട്ട് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹനനിര്‍മ്മാതാക്കളായ ടാറ്റാ മോട്ടോഴ്സ്. തങ്ങളുടെ വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ഫിനാന്‍സിംഗ് സൗകര്യം ഉറപ്പാക്കുകയെന്നത് ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ടാറ്റാ മോട്ടോഴ്സിന്റെ വാണിജ്യ ഉപഭോക്താക്കളുടെ സാമ്പത്തിക സേവന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. ഈ പദ്ധതിയിലൂടെ ടാറ്റാ മോട്ടോഴ്സിന്റെ ഓണ്‍ലൈന്‍ സെയില്‍സ് പ്ലാറ്റ്ഫോമിലൂടെയും ടാറ്റ-ഇ-ഗുരു മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും എച്ച്ഡിഎഫ്സി ബാങ്കിന്റെ വാഹന ഫിനാന്‍സിംഗുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭിക്കുന്നതാണ്. ഈ സൗകര്യത്തിലൂടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനിയോജ്യമായ വാഹന വായ്പദായകനെ തെരഞ്ഞെടുക്കാനും സാധിക്കുന്നു.


”ഉപഭോക്താക്കള്‍ക്ക് പ്രാധാന്യം നല്‍കുന്ന കമ്പനിയെന്ന നിലയില്‍ ടാറ്റാ മോട്ടോഴ്സിന്റെ ഓണ്‍ലൈന്‍ സെയില്‍സ് പ്ലാറ്റ്ഫോമിലും ഇ-ഗുരുവിലും എച്ച്ഡിഎഫ്സി ബാങ്കിനെ കൂടി ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഉപഭോക്താക്കള്‍ക്ക് വളരെയെളുപ്പത്തില്‍ വായ്പാ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാന്‍ ഇതിലൂടെ കഴിയും. നൂതന സംരംഭങ്ങളിലൂടെ മികച്ച ഉപഭോക്തൃ അനുഭവം കെട്ടിപ്പടുക്കുകയെന്നതിനാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. തങ്ങളുടെ ആവശ്യത്തിന് അനുസരിച്ചുള്ള സാമ്പത്തിക സേവനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് കഴിയുന്നു,” എന്നാണ് ടാറ്റാ മോട്ടോഴ്സ് വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ രാജേഷ് കൗള്‍ പറഞ്ഞത്.


”ടാറ്റാ മോട്ടോഴ്‌സുമായി സഹകരിച്ച് അവരുടെ വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്ക് അനിയോജ്യമായ ഡിജിറ്റല്‍ ഫിനാന്‍സിംഗ് സൊല്യൂഷന്‍ നല്‍കാനായതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്ന രീതിയിലാണ് ഞങ്ങളുടെ പ്രവര്‍ത്തനം. ഉപഭോക്താക്കള്‍ക്ക് തടസ്സങ്ങളില്ലാത്ത വാഹന വാങ്ങല്‍ അനുഭവം ഉറപ്പുവരുത്താന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. വാഹനങ്ങളുടെ ഫിനാന്‍സിംഗ് നടപടികള്‍ ലളിതമാക്കുന്നത് ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. മികച്ച രീതിയിലുള്ള വാഹന ഫിനാന്‍സിംഗ് അനുഭവമൊരുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,” എന്നാണ് എച്ച്ഡിഎഫ്സി ബാങ്ക് ഈ വിഷയത്തില്‍ പ്രതികരിച്ചത്.

ബസ്, ട്രക്ക്, ചെറുകിട വാണിജ്യ വാഹനങ്ങള്‍, പിക്കപ്പ് എന്നിവയുള്‍പ്പെടെയുള്ള ടാറ്റാ മോട്ടോഴ്സിന്റെ എല്ലാ വാണിജ്യ വാഹനങ്ങള്‍ക്കും ഈ പുതിയ സംരംഭം ഒരു മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുന്നതിനും അവ നിറവേറ്റുന്നതിനുമാണ് ടാറ്റാ മോട്ടോഴ്സ് പ്രാധാന്യം നല്‍കുന്നത്. കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ മാത്രമല്ല സാമ്പത്തിക സേവനങ്ങളുടെ കാര്യത്തിലും ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കൂടി വിലയിരുത്തുന്നതിന് അവരുമായി കമ്പനി നിരന്തര ചര്‍ച്ച നടത്തിവരുന്നു.



Sharing is Caring