കൊല്‍ക്കത്തയില്‍ നൂതന വെഹിക്കിള്‍ സ്‌ക്രാപിംഗ് ഫെസിലിറ്റിയുമായി ടാറ്റ മോട്ടോര്‍സ്


രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സിന്റെ നവീന വെഹിക്കിള്‍ സ്‌ക്രാപിംഗ് ഫെസിലിറ്റി (RVSF) കൊല്‍ക്കത്തയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ടാറ്റ മോട്ടോര്‍സിന്റെ ഇന്ത്യയിലെ എട്ടാമത് ആര്‍വിഎസ്എഫാണിത്. റീസൈക്കിള്‍ വിത്ത് റെസ്‌പെക്ട് (Re.Wi.Re.) എന്ന് പേരിട്ടിരിക്കുന്ന ഫെസിലിറ്റിയില്‍ അതിനൂതന സംവിധാനങ്ങളിലൂടെ സുസ്ഥിരതയും സുരക്ഷയും ഉറപ്പാക്കിക്കൊണ്ട് കാലാവധിയെത്തിയ 21,000 വാഹനങ്ങള്‍ പ്രതിവര്‍ഷം പൊളിച്ചുനീക്കുവാന്‍ സാധിക്കും. ടാറ്റ മോട്ടോര്‍സിന്റെ പങ്കാളികളായ സെല്ലാഡല്‍ സിനര്‍ജീസ് ഇന്ത്യ പ്രൈ. ലി ആണ് കൊല്‍ക്കത്തയിലെ ആര്‍വിഎസ്എഫിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. എല്ലാ ബ്രാന്‍ഡുകളിലുമുള്ള പാസഞ്ചര്‍, വാണിജ്യ വാഹനങ്ങളും ടൂ വീലര്‍, ത്രീ വീലര്‍ വാഹനങ്ങളും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പൊളിച്ചുനീക്കുവാനുള്ള സംവിധാനങ്ങള്‍ ഈ ഫെസിലിറ്റിയില്‍ സജ്ജമാണ്.


പശ്ചിമബംഗാള്‍ ഗതാഗത വകുപ്പ് മന്ത്രി സ്‌നേഹാസിസ് ചക്രബര്‍ത്തി, ഓണ്‍ലൈനായി പരുപാടിയില്‍ പങ്കെടുത്ത നഗര വികസന വകുപ്പ് മന്ത്രി , കൊല്‍ക്കത്ത മേയര്‍ ഫിര്‍ഹാദ് ഹക്കിം , ഗതാഗത വകുപ്പ് സെക്രട്ടറി ഡോ. സൗമിത്ര മോഹന്‍ ഐഎഎസ്, ടാറ്റ മോട്ടോര്‍സ് കൊമേഴ്ഷ്യല്‍ വെഹിക്കിള്‍സ് ട്രക്ക്‌സ് വൈസ് പ്രസിഡന്റ് & ബിസിനസ് ഹെഡ് രാജേഷ് കൗള്‍, തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. കൊല്‍ക്കത്തയ്ക്ക് പുറമേ ജയ്പൂര്‍, ഭുവനേശ്വര്‍, സൂറത്ത്, ഛണ്ഡിഗഡ്, ഡല്‍ഹി എന്‍സിആര്‍, പൂനൈ, ഗുവാഹട്ടി എന്നിവിടങ്ങളിലാണ് ടാറ്റ മോട്ടോര്‍സിന് വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റികള്‍ ഉള്ളത്.


ശുചിത്വപൂര്‍ണവും കൂടുതല്‍ മികച്ചതുമായി ഒരു ഭാവിയെ സ്വാഗതം ചെയ്യുകയാണ് ടാറ്റ മോട്ടോര്‍സിന്റെ പുതിയ ഫെസിലിറ്റിയിലൂടെ. ഈ നൂതന പദ്ധതി നടപ്പിലക്കിയതില്‍ ടാറ്റ മോട്ടോര്‍സിനേയും പങ്കാളികളായ സെല്ലാഡെല്‍ സിനര്‍ജീസിനെയും അഭിനന്ദിക്കുന്നു. – വെസ്റ്റ് ബംഗാള്‍ ഗതാഗത വകുപ്പ് മന്ത്രി സ്‌നേഹാസിസ് ചക്രബര്‍ത്തി പറഞ്ഞു.

സുസ്ഥിര വികസനത്തിനായുള്ള ഒരു ചുവടുവയ്പ്പാണിത്. പരിസ്ഥിതി ആഘാതം കുറച്ചുകൊണ്ടുള്ള ഈ സംവിധാനത്തിലൂടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുവാനും ടാറ്റ മോട്ടോര്‍സിന് സാധിച്ചു. – നഗര വികസന വകുപ്പ് മന്ത്രി , കൊല്‍ക്കത്ത മേയര്‍ ഫിര്‍ഹാദ് ഹക്കിം പറഞ്ഞു.

സര്‍ക്കുലര്‍ ഇക്കോണമി രൂപപ്പെടുത്തുന്നതിനായി സുസ്ഥിര ഗതാഗത സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിന് ടാറ്റ മോട്ടോര്‍സ് പ്രതിജ്ഞാബദ്ധരാണ്. ടാറ്റയുടെ എട്ടാമത് വെഹിക്കിള്‍ സ്‌ക്രാപ്പിംഗ് ഫെസിലിറ്റിയാണിത്. പ്രതിവര്‍ഷം ഏകദേശം 1.3 ലക്ഷത്തിലധികം വാഹനങ്ങള്‍ പൊളിച്ചുനീക്കുവാന്‍ ടാറ്റാ മോട്ടോര്‍സിന്റെ ഫെസിലിറ്റികളിലൂടെ സാധിക്കുന്നു. – ടാറ്റ മോട്ടോര്‍സ് കൊമേഴ്ഷ്യല്‍ വെഹിക്കിള്‍സ് ട്രക്ക്‌സ് വൈസ് പ്രസിഡന്റ് & ബിസിനസ് ഹെഡ് രാജേഷ് കൗള്‍ പറഞ്ഞു.

ടാറ്റ മോട്ടോര്‍സിന്റെ എല്ലാ റി വയര്‍ ഫെസിലിറ്റികളും പൂര്‍ണമായും ഡിജിറ്റലൈസ്ഡ് ആണ്. വാണിജ്യവാഹനങ്ങളും പാസഞ്ചര്‍ വാഹനങ്ങളും പൊളിച്ചുമാറ്റുവാനുള്ള നൂതന സംവിധാനങ്ങള്‍ ഇവിടെയുണ്ട്. ടയറുകള്‍, ബാറ്ററികള്‍, ഇന്ധനം, ഓയിലുകള്‍, ലിക്വിഡുകള്‍ എന്നിങ്ങനെ വാഹനങ്ങളുടെ ഓരോ ഭാഗങ്ങളും പ്രത്യേകം പ്രത്യേകമായി സുരക്ഷിതമായി സംസ്‌കരിക്കുവാനുള്ള സജ്ജീകരണങ്ങള്‍ എല്ലാ ഫെസിലിറ്റികളിലുമുണ്ട്. രാജ്യത്തിലെവെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി പ്രകാരമാണ് എല്ലാ പ്രവര്‍ത്തനങ്ങളും.



Sharing is Caring