തമിഴ്നാട് മന്ത്രി വി സെന്തില്‍ ബാലാജിയുടെ വീട്ടില്‍ ഐടി വകുപ്പിന്‍റെ റെയ്ഡ്

തമിഴ്‌നാട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. മന്ത്രി വി സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ട് ചെന്നൈ, കോയമ്പത്തൂര്‍, കരൂര്‍ എന്നിവടങ്ങളിലെ നാല്പ്പതിലധികം സ്ഥലങ്ങളിലാണ് പുലര്‍ച്ചെ 6.30 മുതല്‍ റെയ്ഡ് ആരംഭിച്ചത്. സെന്തില്‍ ബാലാജിയുടെ സഹോദരന്‍ വി. അശോകിന്റെ വീട്ടിലാണ് പരിശോധന നടക്കുന്നത്.

അതേസമയം അഴിമതിപ്പണമിടപാട് നടന്നുവെന്ന് ആരോപണമുള്ള കോണ്‍ട്രാക്ടര്‍മാരുടെ ഓഫീസിലും മന്ത്രിയുടെ സുഹൃത്തുക്കളുടെ വീടുകളിലും പരിശോധന തുടരുന്നുണ്ട്. അണ്ണാ ഡിഎംകെയും ബിജെപിയും തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ മദ്യവിതരണശാലകളായ ടാസ്മാക് ഔട്‌ലെറ്റുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ബാര്‍ അനുവദിച്ചതില്‍ അഴിമതി ഉണ്ടെന്ന് ആരോപിച്ച് ഗവര്‍ണര്‍ ആര്‍ എന്‍ രവിയ്ക്ക് പരാതി നല്‍കിയിരുന്നു.അതേ സമയം ഡിഎംകെ പ്രവര്‍ത്തകര്‍ കരൂരില്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായി. കാര്‍ ആക്രമിച്ചെന്ന് ആരോപിച്ച് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഡിഎംകെ പ്രവര്‍ത്തകർക്കെതിരെ കരൂര്‍ സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കി.

തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ജി സ്‌ക്വയര്‍ റിയല്‍റ്റേഴ്‌സ് പ്രൈവെറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട 50 സ്ഥാപനങ്ങളില്‍ ഒരുമാസം മുന്‍പ് ഐടി വകുപ്പ് പരിശോധന നടത്തിയിരുന്നു.

ഡിഎംകെ അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ വിശദാംശമടങ്ങിയ ഫയലുകള്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ ഈ മാസം ആദ്യം പുറത്തുവിട്ടിരുന്നു. എന്നാല്‍ കമ്പിനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *