
മൊറയൂർ വി.എച്ച്.എം. ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് ഉച്ചക്കഞ്ഞിക്കുള്ള അരി കടത്തിയ സംഭവത്തിൽ പ്രഥമാധ്യാപകൻ ഉൾപ്പടെ നാല് അധ്യാപകർക്ക് സസ്പെൻഷൻ. പ്രഥമാധ്യാപകൻ ഡി. ശ്രീകാന്ത്, കായികാധ്യാപകൻ രവീന്ദ്രൻ, ഉച്ച ഭക്ഷണ ചുമതലയുള്ള ഭവനീഷ്, ഇർഷാദലി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി. ഡി.ഡി.ഇയുടെ പരിശോധനയിൽ അരിക്കടത്ത് സ്ഥിരീകരിച്ചിരുന്നു.
കണക്കിൽപെടാത്ത അരി സ്കൂളിൽനിന്ന് മറിച്ചുവിൽക്കുകയും കടത്തുകയും ചെയ്തതായാണ് കണ്ടെത്തൽ.രാത്രി വാഹനത്തിലേക്ക് അരിച്ചാക്കുകൾ മാറ്റുന്ന ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സാമൂഹികമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഭവം വിവാദമാവുകയും ഉച്ചക്കഞ്ഞിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ സ്‌കൂളിലെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.

