വി പി ജോയി
കൊച്ചി: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തത്, 88 പൊലീസുകാര്‍ ആണെന്നാണ് കണക്ക്! അമിതമായ ജോലിഭാരവും, മേലുദ്യോഗസ്ഥരുടെ പീഡനവും, താങ്ങാനാവുന്നില്ല എന്നാണ് താഴേക്കിടയിലുള്ള മിക്ക പൊലീസുകാരുടെയും പരാതി. ഇതേ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍വരെ വിഷയത്തില്‍ ഇടപെട്ടിരുന്നു. എന്നിട്ടും യാതൊന്നും പഠിക്കാതെ തൊട്ടതിനും പിടിച്ചതിനുമൊക്കെ സസ്‌പെന്‍ഷന്‍ നടപ്പാക്കുന്ന രീതിയാണ്, കേരളാ പൊലീസില്‍ ഉള്ളത്. ഇതിനെതിരെ പൊലീസുകാരുടെ വാട്‌സാപ്പ് കൂട്ടായ്മയിലടക്കം പ്രതിഷേധം ശക്തമാണ്.

എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ ഒപ്പിട്ട് ഉത്തരവാക്കിയിരിക്കുന്ന രണ്ട് അച്ചടക്ക നടപടി കണ്ടാല്‍ ഇക്കാര്യം വ്യക്തമാവും. ആലപ്പുഴ ജില്ലയിലെ ഒരു എസ്‌ഐയെ സര്‍വീസില്‍ നിന്ന് പുറത്താക്കാന്‍ എടുത്തിരിക്കുന്ന തീരുമാനത്തിന്റെ കാരണം അയല്‍വാസിയുമായി വഴക്കുണ്ടായി എന്നതാണ്. നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശിച്ച് കൊണ്ടുള്ള ഉത്തരവില്‍ തന്നെ പറയുന്നുണ്ട്. എസ്‌ഐ ബല്‍ജിത് ലാലിനെതിരെ ഉണ്ടായിരുന്ന പരാതിയില്‍ തുടര്‍നടപടികള്‍ക്ക് താല്‍പര്യമില്ലെന്ന് അത് നല്‍കിയവര്‍ തന്നെ അറിയിച്ചുവെന്ന്. അതുപക്ഷെ എസ്‌ഐയുടെ ഭാര്യയടക്കം ബന്ധുക്കള്‍ കരഞ്ഞ് കാലുപിടിച്ചത് കൊണ്ടാണന്ന് ബോധ്യപ്പെട്ടു എന്നാണ് ഡിഐജി ഉത്തരവില്‍ പറയുന്നത്. അതിന്റെ പേരിലുണ്ടായിരുന്ന കേസ് ഇരുകൂട്ടരെയും കേട്ട് ഹൈക്കോടതി റദ്ദാക്കിയിട്ടുമുണ്ട്. എന്നിട്ടും നിലവില്‍ പരാതിയുമില്ല കേസുമില്ല എന്നതൊന്നും പരിഗണിക്കാന്‍ ഡിഐജി തയാറില്ല, ശിക്ഷിച്ചേ തീരൂ. മാത്രവുമല്ല ഇവര്‍ തമ്മിലുള്ള പ്രശ്‌നം പത്രമാധ്യമങ്ങളില്‍ വാര്‍ത്തയായത് പോലീസിന് വല്ലാത്ത നാണക്കേട് ഉണ്ടാക്കിയത്രേ.
വഞ്ചനാക്കേസില്‍ പെട്ട സംസ്ഥാന പോലീസ് മേധാവിയുടെ ഭാര്യയുടെ പേരിലുണ്ടായിരുന്ന ഭൂമി ജപ്തിചെയ്ത് തുക ഈടാക്കാന്‍ കോടതി ഉത്തരവ് ഉണ്ടായതിന്റെ വാര്‍ത്തയുണ്ടായ നാടാണിത് ഇതെന്നാണ് പൊലീസുകാര്‍ തന്നെ പറയുന്നത്. ആലപ്പുഴ ജില്ലയിലെ തന്നെ കരീലക്കുലങ്ങരെ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പി.പ്രദീപിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ കാരണമായതും വിചിത്രമാണ്. ”ടിയാന്റെ നോട്ടുബുക്കില്‍ അതാത് ദിവസത്തെ ഡ്യൂട്ടി വിവരങ്ങളും തീയതികളും മറ്റും കൃത്യമായി രേഖപ്പെടുത്താതെയും നോട്ടുബുക്ക് ഇഷ്യൂ ചെയ്ത തീയതി എഴുതാതെയും നോട്ടുബുക്കില്‍ തെറ്റായ തീയതിയും മാസവും രേഖപ്പെടുത്തിയും കൈകാര്യം ചെയ്തുവന്നിരുന്നതായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്”…. ഇതാണ് ഇക്കഴിഞ്ഞ എട്ടിന് പുട്ട വിമലാദിത്യ ഇറക്കിയ ഉത്തരവില്‍ പറയുന്ന കുറ്റം. ഏതായാലും ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ ഇത് ഓറല്‍ എന്‍ക്വയറി അഥവാ പോലീസില്‍ പതിവുള്ള വാച്യാന്വേഷണം ആക്കി കുറയ്ക്കാന്‍ തീരുമാനമായി എന്നാണ് ഒടുവില്‍ കിട്ടിയ വിവരം.
വാട്‌സാപ്പോ ഇമെയിലോ ഫോണോ പോലും വരുന്ന കാലത്തിന് മുന്‍പ് തുടങ്ങിയ ആചാരമാണ് പോലീസിലെ നോട്ടുബുക്കെഴുത്ത്. വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കാനും അത് എളുപ്പത്തില്‍ റിട്രീവ് ചെയ്‌തെടുത്ത് ഉപയോഗിക്കാനും കഴിയുന്ന എണ്ണമറ്റ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉളള ഇക്കാലത്താണ് സ്‌കൂള്‍ ക്ലാസുകളിലെ മാതൃകയില്‍ നോട്ടെഴുത്തിന്റെ പേരില്‍ സസ്‌പെഷന്‍ പോലെ ജീവിതം വഴിമുട്ടിക്കുന്ന നടപടികള്‍ ഉണ്ടാകുന്നത്. സ്റ്റേഷന്‍ ചുമതലയുള്ളവര്‍ അടക്കം പലരും ഇപ്പോഴിത് എഴുതാറില്ലെന്ന് ആര്‍ക്കും അറിയാത്തതല്ല. ഒരാളെ കൈകാര്യം ചെയ്യണമെന്ന് തോന്നിയാല്‍ കുത്തിപ്പൊക്കി എടുക്കാവുന്ന ഇത്തരം കുറെയധികം പഴുതുകള്‍ പോലീസിലുണ്ട് എന്നതാണ് വാസ്തവം.
ഇന്നുള്ള ആശയവിനിമയ സംവിധാനങ്ങളൊന്നും നിലവില്‍ വരുന്നതിന് മുന്‍പ് തുടങ്ങിയ വയര്‍ലെസ് മീറ്റിങ് സാട്ട മുതല്‍ വെള്ളിയാഴ്ച പരേഡ് വരെ പോലീസുകാരുടെ ജീവിതം ദുസഹമാക്കാനുള്ള വേറെയും ഒട്ടനേകം സാധ്യതകളെ ഇപ്പോഴും ഈ വകുപ്പില്‍ പരിപാലിച്ച് കൊണ്ടുപോരുന്നുണ്ട്. അതിന്റെയെല്ലാം ഫലമാണ് അടിക്കടി ഉണ്ടാകുന്ന ആത്മഹത്യകളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. എന്നിട്ടും കേരളാപൊലീസില്‍ പീഡനം തുടരുകയാണ്.













