കച്ചത്തീവ് വിഷയത്തില്‍ ഇന്ത്യയെയും മോദിയെയും വിമര്‍ശിച്ച് ശ്രീലങ്കന്‍ മാധ്യമങ്ങള്‍

കച്ചത്തീവ് വിഷയത്തില്‍ ഇന്ത്യയെയും മോദിയെയും വിമര്‍ശിച്ച് ശ്രീലങ്കന്‍ മാധ്യമങ്ങള്‍. ചൈനീസ് ഇടപെടല്‍ വേണമെന്ന് ആവശ്യമാണ് ഡെയിലി ഫിനാന്‍ഷ്യല്‍ ടൈംസ് എന്ന മാധ്യമം ഉയര്‍ത്തുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് ശ്രീലങ്ക സുരക്ഷാ ഗ്യാരണ്ടി സ്വീകരിക്കേണ്ടിവരുമെന്നും പത്രത്തിന്റെ മുഖപ്രസംഗം സൂചിപ്പിക്കുന്നു.

അതേസമയം വിഷയത്തില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. തമിഴ്‌നാട്ടില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റം ലക്ഷ്യമിട്ട് കച്ചത്തീവ് ദ്വീപ് വിഷയം ഉന്നയിക്കുന്നതിനെതിരെ മുന്‍ വിദേശകാര്യ സെക്രട്ടറിമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കച്ചത്തീവ് വിഷയം രാഷ്ട്രീയ പ്രചാരണ വിഷയമാക്കിയാല്‍ സെല്‍ഫ് ഗോളാകുമെന്ന് ശിവശങ്കര്‍ മേനോനും ശ്രീലങ്കയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് നിരുപമ റാവുവും മുന്നറിയിപ്പ് നല്‍കി.

രാജ്യത്തിന്റെ വിശ്വാസ്യത ഇടിക്കുന്ന നടപടിയാണ് ഇതെന്നും ഇവര്‍ പറയുന്നു. കേന്ദ്രത്തില്‍ സര്‍ക്കാരുകള്‍ മാറുന്നതിനു അനുസരിച്ചുള്ള നിലപാടുമാറ്റം നല്ലതല്ലെന്ന് മുന്‍ ഹൈക്കമ്മീഷണര്‍ അശോക് കാന്തയും അഭിപ്രായപ്പെട്ടു.പാക് കടലിടുക്കില്‍ രാമേശ്വരത്ത് നിന്ന് 14 നോട്ടിക്കല്‍ മൈല്‍ അകലെ 285 ഏക്കറിലുളള ആള്‍താമസമില്ലാത്ത ചെറുദ്വീപാണ് കച്ചത്തീവ്.

രാമനാഥപുരം രാജകുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്ന ദ്വീപില്‍, 1921ല്‍ ഇന്ത്യയെ പോലെ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്ന സിലോണും അവകാശം ഉന്നയിച്ചു. ഈ തര്‍ക്കം വര്‍ഷങ്ങള്‍ നീണ്ടുനിന്നു. 1974ല്‍ ഇന്ദിര ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിലെ അതിര്‍ത്തി നിര്‍ണായിക്കുന്ന കരാര്‍ ഒപ്പിടുകയും, കച്ചത്തീവ് ലങ്കന്‍ അതിര്‍ത്തി രേഖയുടെ ഭാഗത്താവുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *