കേരളത്തിലൂടെയുള്ള വന്ദേഭാരത് എക്‌സ്പ്രസ് ഓടിക്കുന്നതിനായി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നുണ്ടെന്ന മാധ്യമവാര്‍ത്തകള്‍ വ്യാജമെന്ന് ദക്ഷിണ റെയില്‍വേ. വന്ദേഭാരത് വന്നതിന്റെ ഫലമായി ചില ട്രെയിനുകള്‍ക്ക് വേഗം കൂട്ടിയിരിക്കുകയാണ് ചെയ്തിരിക്കുന്നത്. വന്ദേഭാരത് ഓടുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്, ആലപ്പുഴ എറണാകുളം പാസഞ്ചര്‍, എറണാകുളം കായംകുളം പാസഞ്ചര്‍ എന്നിവയുടെ വേഗം കൂട്ടിയെന്ന് റെയില്‍വേ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്, രാജധാനി എക്‌സ്പ്രസ് എന്നിവ കൃത്യസമയം പാലിക്കുന്നുണ്ട്.
പുതുക്കിയ ടൈംടേബിള്‍ പ്രകാരമാണ് നിലവില്‍ എല്ലാ ട്രെയിനുകളും ഓടുന്നത്.ഒക്ടോബറില്‍ കനത്ത മഴയെത്തുടര്‍ന്ന് ട്രാക്കില്‍ വെള്ളം കയറുകയും ചിലയിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ ട്രെയിനുകള്‍ വൈകിയിരുന്നു. ആലപ്പുഴ കണ്ണൂര്‍ എക്‌സ്പ്രസ്, എറണാകുളം കായംകുളം സ്‌പെഷല്‍ എക്‌സ്പ്രസ്, തിരുവനന്തപുരം ഗുരുവായൂര്‍ എക്‌സ്പ്രസ്, മംഗലാപുരം നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, നാഗര്‍കോവില്‍ കോട്ടയം എക്‌സ്പ്രസ് എന്നിവ കഴിഞ്ഞയാഴ്ച (ഒക്ടോബര്‍ 2026) കൃത്യസമയം പാലിച്ചിരുന്നു. വന്ദേഭാരത് ഓടിക്കാനായി ഒരു ട്രെയിനും വൈകിപ്പിച്ചിട്ടില്ലെന്നും റെയില്‍വേ വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചു.














