കൊല്ലത്ത് വൃദ്ധ മാതാവിനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ


കൊല്ലം ആയൂരിൽ വൃദ്ധ മാതാവിനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ . തേവന്നൂർ സ്വദേശിനി ദേവകിയമ്മയ്ക്കാണ് മർദ്ദനമേറ്റത്. മകൻ മനോജിനെ ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.


മദ്യപിച്ച് വീട്ടിലെത്തിയ മനോജ് ഭക്ഷണം വച്ചില്ലെന്ന് പറഞ്ഞാണ് 68 കാരിയെ ക്രൂരമായി തല്ലിച്ചതച്ചത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. തടിക്കഷ്ണം കൊണ്ടടിക്കുകയും നിലത്തിട്ട് വലിച്ചിഴച്ച ശേഷം ചവിട്ടുകയും ചെയ്തു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തിയത്. പ്രദേശവാസികൾ വിവരം അറിയിച്ചതിനെത്തുര്‍ന്ന് ചടയമംഗലം പൊലീസെത്തിയാണ് അമ്മയെ രക്ഷിച്ചത്.


മദ്യപിച്ചെത്തി മനോജ് അമ്മയെ മര്‍ദ്ദിക്കുന്നത് പതിവാണെന്ന് അയൽവാസികൾ പറഞ്ഞു. മർദ്ദനത്തിൽ ദേവകിയമ്മയുടെ കൈക്കും കഴുത്തിലും മുറിവേറ്റ പാടുകളുണ്ട്. അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികൂടിയാണ് മനോജെന്ന് പൊലീസ് അറിയിച്ചു.



Sharing is Caring