ഞങ്ങളെ ആരൊക്കെയോ ഭയപ്പെടുന്നു, അറിവില്ലായ്മ കൊണ്ട് പ്രതികരിച്ചുപോയതാണ്- ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍


കണ്ണൂര്‍: പൊലീസ് മന:പൂര്‍വം തങ്ങളെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍. യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഗുരുതരമായ ആരോപണങ്ങള്‍ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ ഉന്നയിക്കുന്നത്. മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരുമാണ് തങ്ങളെ കുടുക്കാന്‍ ശ്രമിക്കുന്നതിന് പിന്നിലെന്നും ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ പറഞ്ഞു.


ടൂറിസ്റ്റ് ബസുകളില്‍ കേരളത്തിലേക്ക് കഞ്ചാവും ആയുധവും കടത്തുന്നുണ്ടെന്ന് പറഞ്ഞിരുന്നു. ഇതാണ് തങ്ങള്‍ക്ക് നേരെയുള്ള നീക്കത്തിന് കാരണം. നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയമായതിനാലാണ് പ്രതികരിക്കുന്നത്. ഞങ്ങളെ ആരൊക്കെയോ ഭയപ്പെടുന്നുവെന്ന് മനസിലായി. ഞങ്ങളെ വേട്ടയാടുകയാണ്. ഒരു അജണ്ട ഇതിന്റെ പിന്നിലുണ്ട്. ഞങ്ങളുടെ അറിവില്ലായ്മ ചൂഷണം ചെയ്യുകയാണ്- ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ പറയുന്നു.


കുടുക്കിയതിന് പിന്നില്‍ വന്‍പ്ലാനിങ്ങാണ്. ഞങ്ങളുടെ അറിവില്ലായ്മ മുതലാക്കി ഞങ്ങളെ കുടുക്കി. വികാരപരമായി പ്രതികരിച്ചുപോയി. അതില്‍ പിടിച്ചാണ് അവര്‍ ഞങ്ങളെ കുടുക്കിയത്. ഞങ്ങളെ ചിലര്‍ ഭയക്കുന്നു എന്നതിന്റെ തെളിവാണിത്. അസമില്‍ കുടുങ്ങിയ തൊഴിലാളികളുടെ പ്രശ്നത്തില്‍ ഞങ്ങള്‍ ഇടപെട്ടിരുന്നു. അവിടെ നിന്നുള്ള കഞ്ചാവ്, ആയുധക്കടത്ത് എന്നിവയിലും പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് ചിലര്‍ ഞങ്ങള്‍ക്ക് എതിരെ തിരിഞ്ഞത്. ഇപ്പോള്‍ ഞങ്ങളെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നു.

ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ക്ക് മയക്കുമരുന്ന് കടത്തില്‍ പങ്കുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് പൊലീസിന്‍റെ വാദം. പിന്നാലെയായിരുന്നു ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ വിശദീകരണം.



Sharing is Caring