സ്മാര്‍ട്ട് സിറ്റി രണ്ടാം ഘട്ടത്തിലും ടീകോം ഉണ്ടാകും


കൊച്ചി: സ്മാര്‍ട്ട് സിറ്റി രണ്ടാം ഘട്ടത്തിന് അനുമതിനല്‍കിയില്ല എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ടീകോം അറിയിച്ചു. ടീംകോം സ്മാര്‍ട്ട് സിറ്റി ഉപേക്ഷിച്ചു എന്ന റിപ്പോര്‍ട്ട് അഭ്യൂഹം മാത്രമാണ്. ഒന്നാം ഘട്ടത്തിന്‍റെ ഉദ്ഘാടനത്തോടൊപ്പംതന്നെ രണ്ടാം ഘട്ടത്തിന്റെ പ്രഖ്യാപനവും നടക്കുമെന്ന് ടീംകോം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചതുപോലെ ഈ വര്‍ഷം ഡിസംബറില്‍ത്തന്നെ നടക്കുമെന്ന് മുഖ്യ പ്രൊമോട്ടറായ ടീകോം ദുബായ് അറിയിച്ചു. മുന്‍ മാനേജ്‌മെന്റിന്റെ കാലത്തുണ്ടായ ആരോപണങ്ങള്‍ സ്മാര്‍ട്ട് സിറ്റിയുടെ നിര്‍മ്മാണപുരോഗതിയെ ഒരുതരത്തിലും ബാധിക്കില്ല. ഇതുവരെയുള്ള നിര്‍മ്മാണത്തില്‍ ടീകോം പൂര്‍ണ്ണ തൃപ്തരാണെന്ന് സ്മാര്‍ട്ട് സിറ്റി ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹഫീസ് അറിയിച്ചു.


സ്മാര്‍ട്ട് സിറ്റി രണ്ടാം ഘട്ടത്തിന്റെ പ്രഖ്യാപനം ഒന്നാം ഘട്ടം ഉദ്ഘാടനത്തോടൊപ്പംതന്നെ നടക്കും. രണ്ടാം ഘട്ടത്തിന് ടീകോം നിര്‍മ്മാണ അനുമതി നല്‍കിയില്ല എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. 47 ലക്ഷം ചതുരശ്ര അടി സ്ഥലത്താവും രണ്ടാംഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുക. ഇതിന് കേന്ദ്രാനുമതിയും കിട്ടിക്കഴിഞ്ഞു.
നിശ്ചയിച്ചതുപോലെ 36 മാസം കൊണ്ട് രണ്ടാം ഘട്ടവും പൂര്‍ത്തിയാക്കുമെന്ന് ജാബിര്‍ ബിന്‍ ഹഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

നിര്‍മ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കളുടെ ഗുണമേന്‍മയില്‍ വിട്ടുവീഴ്ചയില്ല. സ്മാര്‍ട്ട് സിറ്റി സിഇഒ ബൈജു ജോര്‍ജ്ജ് ദൈനംദിന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കൊച്ചിയിലുണ്ടെന്നും ടീകോം എന്നും സംസ്ഥാനത്തിന്റെ സ്മാര്‍ട്ട് സിറ്റി പ്രതീക്ഷകള്‍ക്കൊപ്പമാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു



Sharing is Caring