സിംഗപ്പൂര്‍: 20 വര്‍ഷത്തിനിടെ ആദ്യമായി സ്ത്രീക്ക് വധശിക്ഷ നടപ്പാക്കാനൊരുങ്ങി സിംഗപ്പൂര്‍. വധശിക്ഷക്കുള്ള സമയം നിശ്ചയിച്ചതായി മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടി.45കാരിയായ സരിദേവി ജമാനിയെയാണ് വെള്ളിയാഴ്ച വധശിക്ഷക്ക് വിധേയയാക്കുക. 2018ല്‍ 30 ഗ്രാം ഹെറോയിനുമായി പിടികൂടിയതിന് ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. മയക്കുമരുന്നിനെതിരെ കടുത്ത നിയമം നിലവിലുള്ള രാജ്യമാണ് സിംഗപ്പൂര്‍.മറ്റൊരു മയക്കുമരുന്നു കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മുഹമ്മദ് അസീസ് ബിൻ ഹുസൈൻ എന്നയാളുടെ ശിക്ഷ ബുധനാഴ്ച നടപ്പാക്കിയിരുന്നു. 2022 മാര്‍ച്ചിന് ശേഷം വധശിക്ഷക്ക് വിധേയനായ 15ാമത് വ്യക്തിയാണ് ഇയാള്‍.
50 ഗ്രാം ഹെറോയിൻ കടത്തിയ കേസിലാണ് ഇയാള്‍ പിടിയിലായത്.മയക്കുമരുന്ന് ഇടപാടിന് കനത്ത ശിക്ഷയാണ് സിംഗപ്പൂരില്‍ നിലനില്‍ക്കുന്നത്. 15 ഗ്രാമില്‍ കൂടുതല്‍ ഹെറോയിനുമായോ 500 ഗ്രാമില്‍ കൂടുതല്‍ കഞ്ചാവുമായോ പിടികൂടിയാല്‍ വധശിക്ഷയാണ് ലഭിക്കുക.കഴിഞ്ഞ ഏപ്രിലില്‍ തങ്കരാജു സുപ്പിയ എന്നയാളെ കഞ്ചാവ് കേസില്‍ വധശിക്ഷക്ക് വിധേയനാക്കിയിരുന്നു. കഞ്ചാവ് ഇടപാട് മൊബൈല്‍ ഫോണ്‍ വഴി നിയന്ത്രിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നത്.

2004ല്‍ യെൻ മേ വോൻ എന്ന വനിതാ ഹെയര്‍ ഡ്രെസ്സര്‍ക്ക് മയക്കുമരുന്ന് കേസില്‍ വധശിക്ഷ നടപ്പാക്കിയിരുന്നു. ഇതിന് ശേഷം വധശിക്ഷക്ക് വിധേയയാകുന്ന ആദ്യ സ്ത്രീയാണ് സരിദേവി.സിംഗപ്പൂരിലെ കടുത്ത നിയമത്തിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സരിദേവിയുടെ വധശിക്ഷ നടപ്പാക്കരുതെന്നും ചെറുകിട മയക്കുമരുന്ന് കടത്തുകാര്‍ അവരുടെ സാഹചര്യങ്ങള്‍ കാരണമാണ് ഇതിലേക്ക് എത്തിപ്പെടുന്നതെന്നും ബ്രിട്ടീഷ് ശതകോടീശ്വരൻ റിച്ചാര്‍ഡ് ബ്രാൻസണ്‍ പറഞ്ഞു.
വധശിക്ഷയല്ല ഇത്തരക്കാര്‍ക്ക് ശരിയായ ജീവിതത്തിലേക്ക് വരാനുള്ള സഹായമാണ് സര്‍ക്കാര്‍ നല്‍കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എന്നാല്‍, മയക്കുമരുന്നിനെതിരായ കടുത്ത നിയമം സിംഗപ്പൂരിനെ ലോകത്തെ തന്നെ ഏറ്റവും സമാധാനമുള്ള സ്ഥലങ്ങളിലൊന്നാക്കി മാറ്റുന്നുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. മയക്കുമരുന്നു കേസില്‍ പെടുന്നവരുടെ വധശിക്ഷക്ക് പൊതുസമൂഹത്തിന്‍റെ പിന്തുണയുണ്ടെന്നും അധികൃതര്‍ അവകാശപ്പെടുന്നു













