സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് 12.30ന് ആണ് സത്യപ്രതിജ്ഞ. ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. ഉപമുഖ്യമന്ത്രിയായി കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാറും ചുമതലയേല്‍ക്കും. 25 മന്ത്രിമാര്‍ ഇന്ന് അധികാരമേല്‍ക്കും എന്നാണ് സൂചന.ബിജെപി വിട്ടെത്തിയ പരാജയപ്പെട്ട ജഗദീഷ് ഷെട്ടറിന് എംഎല്‍സി സ്ഥാനം നല്‍കിയ ശേഷം മന്ത്രിസ്ഥാനം നല്‍കിയേക്കും.

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മുതല്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വരെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കോണ്‍ഗ്രസ് ക്ഷണിച്ചിട്ടുണ്ട്. മമതാ ബാനര്‍ജിക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ല. പകരം പ്രതിനിധിയെ അയക്കും.മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പങ്കെടുക്കില്ല. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറല്‍ ഡി രാജയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നിലവില്‍ എന്‍ഡിഎയ്ക്ക് ഒപ്പമുള്ള പുതുച്ചേരി മുഖ്യമന്ത്രിയെയും കോണ്‍ഗ്രസ് ക്ഷണിച്ചത് ശ്രദ്ധേയമാണ്.

എന്നാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് സത്യപ്രതിജ്ഞാ ചടങ്ങില്‍ ക്ഷണമില്ല.അതേസമയം, കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങളോളം നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യ തന്നെ എത്തും. ആദ്യ ടേമില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുമ്പോള്‍ പിന്നീട് ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രി ആവുമെന്നാണ് റിപ്പോര്‍ട്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *