ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച്‌ രാജ്യംവിട്ട ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി


പ്രക്ഷോഭത്തിന് പിന്നാലെ ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച്‌ രാജ്യംവിട്ട ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി.ഷെയ്ഖ് ഹസീനയ്ക്ക് എന്നും പിന്തുണ നല്‍കിയിരുന്ന ഇന്ത്യ ഈ സുപ്രധാന നിമിഷത്തിലും കൈവിടില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. സൈനിക വിമാനത്തില്‍ ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ വന്നിറങ്ങിയ ഹസീനയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.


വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ബംഗ്ലാദേശിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചു.ഇതിനിടെ ബംഗ്ലാദേശിലെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സുരക്ഷാകാര്യ സമിതി യോഗം ചേര്‍ന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.യുകെയില്‍ രാഷ്ട്രീയ അഭയം തേടാനാണ് ഹസീനയുടെ നീക്കം.


ഹസീനയുടെ ഇളയ സഹോദരി രെഹാനയുടെ മകള്‍ തുലിപ് സിദ്ദിഖ് ബ്രിട്ടിഷ് പാര്‍ലമെന്റിലെ ലേബര്‍ പാര്‍ട്ടി അംഗമാണ്. രെഹാനയ്‌ക്കൊപ്പമാണ് ഹസീന ബം?ഗ്ലാദേശ് വിട്ടത്. രെഹാനയ്ക്ക് ബ്രിട്ടീഷ് പൗരത്വമുണ്ട്. അതുകൊണ്ടുതന്നെ യുകെയില്‍ രാഷ്ട്രീയ അഭയം എന്ന സാധ്യത അന്തര്‍ദേശീയമാധ്യമങ്ങള്‍ തള്ളിക്കളയുന്നില്ല. എന്നാല്‍ യുകെയില്‍ അഭയം നല്‍കുന്നതില്‍ രാജ്യം ഇതുവരെയും പ്രതികരിച്ചിട്ടില്ല.

മറ്റൊരു രാജ്യത്ത് രാഷ്ട്രീയ അഭയം ലഭിക്കും വരെ ഹസീനയ്ക്ക് ഇന്ത്യ താത്കാലിക അഭയം നല്‍കിയേക്കുമെന്നും സൂചനകളുണ്ട്. ഇക്കാര്യത്തില്‍ എന്തായിരിക്കും ഇന്ത്യയുടെ നിലപാടെന്ന് ഇതുവരെയും ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. ഇന്ത്യയിലെത്തിയ ഹസീന പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇക്കാര്യത്തിലും ഇതുവരെയും വ്യക്തത വന്നിട്ടില്ല.



Sharing is Caring