മഹാരാഷ്ട്ര നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസില്‍ നിന്നാകാമെന്ന് എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍.അജിത് പവാറിന്റെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ ഷിന്‍ഡെ സര്‍ക്കാരിന്റെ ഭാഗമായതോടെയാണ് എന്‍സിപിയുടെ അംഗസംഖ്യ കുറഞ്ഞത്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
നിലവില്‍ കൂടുതല്‍ എംഎല്‍എമാരുള്ള പ്രതിപക്ഷ പാര്‍ട്ടി കോണ്‍ഗ്രസാണെന്നും അവര്‍ പ്രതിപക്ഷ സ്ഥാനം ആവശ്യപ്പെട്ടത് ന്യായമാണെന്നും പവാര്‍ പറഞ്ഞു.288 അംഗങ്ങളുള്ള മഹാരാഷ്ട്ര നിയമസഭയില്‍ നിലവില്‍ 45 കോണ്‍ഗ്രസ് എംഎല്‍എമാരുണ്ട്. എന്‍സിപിയില്‍ വിമതനീക്കം നടന്നതോടെ നേരത്തെയുള്ള 53 എംഎല്‍എമാരില്‍ നിന്ന് എണ്ണം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏക്‌നാഥ് ഷിന്‍ഡെയുടെ വിമതനീക്കത്തിന് മുന്‍പ് 56 എംഎല്‍എമാരുണ്ടായിരുന്ന ശിവസേന ഇപ്പോള്‍ 16 ലേക്ക് ചുരുങ്ങി.














