ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എസ്എഫ്‌ഐ


ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എസ്എഫ്‌ഐ. ഇന്ന് ഉച്ചയ്ക്ക് ശേഷം കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന സെമിനാറിന് മുന്നോടിയായി ഗസ്റ്റ് ഹൗസിലേക്ക് മാര്‍ച്ച് നടത്താനാണ് എസ്എഫ്ഐ തീരുമാനം. ക്യാമ്പസില്‍ എസ്എഫ്‌ഐ ഉയര്‍ത്തിയ ഗവര്‍ണര്‍ക്കെതിരെയുള്ള കറുത്ത ബാനറുകള്‍ നീക്കം ചെയ്തത് പ്രവര്‍ത്തകരെ പ്രകോപിച്ചിട്ടുണ്ട്.


ഇതേ തുടര്‍ന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ കൂടുതല്‍ ബാനറുകള്‍ ക്യാമ്പസില്‍ ഉയര്‍ത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30ന് ആണ് ഗവര്‍ണര്‍ സെമിനാറില്‍ പങ്കെടുക്കുക. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് ക്യാമ്പസില്‍ വന്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.സുരക്ഷ കണക്കിലെടുത്ത് ക്യാമ്പസിലും പരിസര പ്രദേശങ്ങളിലുമായി രണ്ടായിരം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.


ഇഎംഎസ് സെമിനാര്‍ കോംപ്ലക്സില്‍ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ഗവര്‍ണര്‍ സെമിനാറില്‍ പങ്കെടുക്കുക. ഭാരതീയ വിചാരകേന്ദ്രത്തിന്റെ പിന്തുണയോടെ കാലിക്കറ്റ് സര്‍വകലാശാല സനാതന ധര്‍മ്മപീഠം ചെയറാണ് പരിപാടിയുടെ സംഘടകര്‍.അതേ സമയം സുരക്ഷ കണക്കിലെടുത്ത് പാസ് മുഖേനയാണ് സെമിനാര്‍ ഹാളിലേക്കുള്ള പ്രവേശനം. കഴിഞ്ഞ ദിവസം ബാനറുകള്‍ നീക്കാനുള്ള രാജ്ഭവന്‍ നിര്‍ദ്ദേശം അവഗണിച്ച സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരെ ഇന്ന് നടപടിയെടുത്തേക്കും. സംഭവത്തില്‍ വൈസ് ചാന്‍സിലറെയും രജിസ്ട്രാറെയും വിളിച്ചു വരുത്തിയ ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.



Sharing is Caring