തലസ്ഥാനത്ത് വെള്ളക്കെട്ട് ഭീതി;നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി


തിരുവനന്തപുരം: ശനിയാഴ്ച രാത്രി ആരംഭിച്ച തോരാമഴ തുടരുന്ന സാഹചര്യത്തിൽ തലസ്ഥാനം വെള്ളക്കെട്ടുഭീതിയിൽ. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലയിൽ സുരക്ഷാ മുൻകരുതലായി ഇക്കോ ടൂറിസം കേന്ദ്രങ്ങൾ താത്കാലികമായി അടച്ചു. മലയോര മേഖലയിലേക്കുള്ള യാത്രകൾക്കും നിയന്ത്രണമുണ്ടാകും.മഴ തോരാതെ തുടരുന്നതിനാൽ അധികൃതർ മുൻകരുതലുകളെടുത്തുതുടങ്ങിയിട്ടുണ്ട്. ജില്ലയിലെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതായാണ് റിപ്പോർട്ട്.


ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഞായറാഴ്ച യോഗം ചേർന്ന് സാഹചര്യം വിലയിരുത്തി. വനംവകുപ്പിനു കീഴിലുള്ള പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്ററുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുകയാണെന്ന് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് അറിയിച്ചു.


ജില്ലാ കളക്ടർ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലാണ് ഇക്കോ ടൂറിസം സെന്ററുകളിലേക്കുള്ള പ്രവേശനം നിരോധിച്ചതെന്നും അധികൃതർ അറിയിച്ചു. നെയ്യാർഡാമിന്റെ നാല്‌ ഷട്ടറുകൾ നിലവിൽ 30 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. നാല്‌ ഷട്ടറുകളും വീണ്ടും ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.



Sharing is Caring