കക്കോടി കിഴക്കുംമുറി എടക്കാട്ട് താഴം അക്ഷയിനെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്
കോഴിക്കോട്: പോക്സോ കേസിലെ അതിജീവിതയ്ക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കക്കോടി കിഴക്കുംമുറി എടക്കാട്ട് താഴം അക്ഷയ് (25) നെയാണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
മേയ് 31 നായിരുന്നു കേസിനാസ്പദമായ സംഭവം. യുവതി വീടിന്റെ പുറത്തുള്ള ബാത്റൂമിൽ നിന്ന് കുളിച്ച് പുറത്തിറങ്ങവെ പ്രതി ബാത് റൂം വാതിൽ തുറന്ന് അകത്ത് കടന്ന് ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി.

2023 ൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് അക്ഷയ്. ഈ കേസിന്റെ വിചാരണ കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. അമ്പലപ്പുഴ, പെരുവണ്ണാമൂഴി, ചേവായൂർ സ്റ്റേഷനുകളിലായി പോക്സോ കേസിന് പുറമെ മയക്കുമരുന്ന് ഉപയോഗം, വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളോട് മോശമായി പെരുമാറുക, ഭീഷണിപ്പെടുത്തൽ എന്നിവയ്ക്കും പ്രതിക്കെതിരെ കേസുകളുണ്ട്.
ചെറുവണ്ണൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്ന് പണവും മൊബൈൽ ഫോണും നടത്തിയ സംഭവത്തിൽ നല്ലളം സ്റ്റേഷനിലും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. ഈ കേസുകളിൽ ജാമ്യത്തിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.













