രണ്ടാമത് അന്താരാഷ്ട്ര വനിത ഫുട്ബാള്‍ ടൂര്‍ണമെന്‍റ് ഈ മാസം 11 മുതല്‍ അല്‍ഖോബാറില്‍


സൗദി ഫുട്ബാള്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് അന്താരാഷ്ട്ര വനിത ഫുട്ബാള്‍ സൗഹൃദ ടൂര്‍ണമെന്‍റ് ഈ മാസം 11 മുതല്‍ 19 വരെ അല്‍ഖോബാറില്‍ നടക്കും.ആതിഥേയരായ സൗദി അറേബ്യ, പാകിസ്താന്‍, കോമോറോസ്, മൊറീഷ്യസ് എന്നീ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റ് അമീര്‍ ജലാവി സ്റ്റേഡിയത്തിലാണ് നടക്കുക.


2021ല്‍ രൂപവത്കരിച്ച ആദ്യത്തെ വനിത ദേശീയ ഫുട്ബാള്‍ ടീമിന്‍റെ വികസനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യന്‍ ഫുട്ബാള്‍ ഫെഡറേഷനിലെ വനിത ഫുട്ബാള്‍ ഡിപ്പാര്‍ട്മെന്‍റിന്റെ മുന്‍കൈയിലാണ് ടൂര്‍ണമെന്‍റിന് രാജ്യം ആതിഥേയത്വം വഹിക്കുന്നത്. വനിത ദേശീയ ടീം ഇതിനോടകം നിരവധി ടൂര്‍ണമെന്‍റുകളിലും സൗഹൃദ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 2021ല്‍ മാലദ്വീപില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ചാമ്ബ്യന്‍ഷിപ് നേടി.


പ്രാദേശിക മത്സരങ്ങളിലൂടെയും യുവതികള്‍ക്കായുള്ള പരിശീലനകേന്ദ്രങ്ങളിലൂടെയും മികവ് തെളിയിച്ച സൗദി അറേബ്യയിലെ വനിത ഫുട്ബാള്‍ ടീം വരുംകാലത്ത് മികച്ച മുന്നേറ്റം കാഴ്‌ചവെക്കുമെന്ന് സാഫ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും വനിത ഫുട്ബാള്‍ ഡിപ്പാര്‍ട്മെന്‍റ് ഡയറക്ടറുമായ ലാമിയ ബിന്‍ ബഹിയാന്‍ പ്രത്യാശിച്ചു.

വനിത ഫുട്ബാള്‍ ടീമിനെ പരിപോഷിപ്പിക്കുന്നതിനള്ള എല്ലാ ശ്രമവും സാഫ് നടത്തുന്നതായി അവര്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം ആരംഭിച്ച സൗദി ഫുട്ബാള്‍ പരിവര്‍ത്തന നയത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണിത്.

ഭാവിയില്‍ ഔദ്യോഗിക ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കുന്നതിനു മുമ്ബ് കളിക്കാര്‍ക്കിടയില്‍ ഐക്യം വര്‍ധിപ്പിക്കുക എന്നതും വരാനിരിക്കുന്ന സൗഹൃദ മത്സരത്തിന്റെ ലക്ഷ്യമാണെന്ന് ലാമിയ കൂട്ടിച്ചേര്‍ത്തു.



Sharing is Caring