സ്‌കൂളുകള്‍ വിനോദയാത്രാ വിവരം മോട്ടോര്‍ വാഹനവകുപ്പിനെ അറിയിക്കണം; മന്ത്രി ആന്റണി രാജു

സ്‌കൂളുകള്‍ വിനോദയാത്രാ വിവരം മോട്ടോര്‍ വാഹനവകുപ്പിനെ അറിയിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കാറിനെ മറികടക്കാന്‍ ടൂറിസ്റ്റ് ബസ് ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായതെന്നും സമഗ്രഅന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസ്റ്റ് ബസുകള്‍ വാടകയ്ക്ക് എടുക്കുന്ന സ്‌കൂള്‍ അധികൃതര്‍, സാധാരണഗതിയില്‍ ബസ് ഡ്രൈവര്‍മാരുടെ പശ്ചാത്തലം മനസ്സിലാക്കാറില്ല. ഇത്തരം ബസുകള്‍ വാടകയ്ക്ക് എടുക്കുമ്പോള്‍, ബസിന്റെ വിവരങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിന് നല്‍കിയാല്‍ ഡ്രൈവര്‍മാരുടെ പശ്ചാത്തലം, അനുഭവപരിചയം തുടങ്ങിയ കാര്യങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിന് മനസ്സിലാക്കാനും അത് കൈമാറാനും കഴിയും.

ഇനിമുതല്‍ വിനോദസഞ്ചാരത്തിന് ബുക്ക് ചെയ്യുന്ന ടൂറിസ്റ്റ് ബസുകളുടെ വിവരങ്ങള്‍ നേരത്തെ അതത് മോട്ടോര്‍ വാഹനവകുപ്പ് ഓഫീസിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. അത്തരം വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് വിവരങ്ങള്‍ ശേഖരിച്ച ശേഷം മാത്രമേ വാഹനങ്ങള്‍ക്ക് അന്തിമ അനുമതി നല്‍കേണ്ടതുള്ളൂ എന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ തീരുമാനിക്കും മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *