കോഴിക്കോട്: ജീവിതം ദുരിതപ്പെരുമഴയിലാക്കിയ ശാന്തിനഗര്‍ കോളനിക്കാരുടെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യ്ത ഭവനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇഴയുന്നു. മത്സ്യതൊഴിലാളികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് തുടങ്ങിയ ശാന്തിനഗര്‍ ഒന്നാംഘട്ടം വീടുനിര്‍മ്മാണം പൂര്‍ത്തിയായതോടെ രണ്ടാംഘട്ട വീടുനിര്‍മ്മാണത്തില്‍ പ്രതീക്ഷയില്‍ നില്‍ക്കുകയാണ് ജനങ്ങള്‍. ഒന്നാംഘട്ട വീടുനിര്‍മ്മാണ പദ്ധതിയില്‍പ്പെടുന്ന ഒരു വീടിന്റെ നിര്‍മ്മാണം കൂടി പൂര്‍ത്തിയാകുന്നതോടെ ഒന്നാംഘട്ട പൂര്‍ണമായും പൂര്‍ത്തിയാകും. ഈ മാസത്തോടെ ഒന്നാംഘട്ടത്തില്‍ അവശേഷിക്കുന്ന ഒരു വീടിന്റെ പണിപൂര്‍ത്തിയാകുന്നതോടെ അനുവദിച്ച ഫണ്ടും പൂര്‍ത്തിയാകും. 38 കോടിയാണ് ഒന്നാംഘട്ട വീടുനിര്‍മ്മാണത്തിനായി ഫണ്ട് അനുവദിക്കാത്തതാണ് ശാന്തിനഗര്‍ കോളനി രണ്ടാംഘട്ടം അനിശ്ചിതത്വത്തിലാകാന്‍ കാരണം.
രണ്ടാംഘട്ടത്തിലെ വീടുനിര്‍മ്മാണത്തിനുള്ള ഫണ്ട് ഈ ബജറ്റില്‍ പ്രഖ്യാപിക്കും. രണ്ടാംഘട്ടത്തില്‍ 115 വീടുകളുടെ നിര്‍മ്മാണവും 25 വീടുകളുടെ പുനര്‍നിര്‍മ്മാണവുമാണ് ഉള്‍പ്പെടുന്നത്. വീടുനിര്‍മ്മാണത്തിന് മാത്രമായി 14 കോടി രൂപയും ഇതിനുപുറമെ നടപ്പാത റോഡ് എന്നിവ ഉള്‍പ്പെടുത്തി മൊത്തം 28 കോടി രൂപ രണ്ടാംഘട്ടം വീടുനിര്‍മ്മാണ പദ്ധതിയ്ക്കായി ആവശ്യം വരുന്നതെന്ന് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന ഹൗസിങ്ങ് ബോര്‍ഡ് ഓവര്‍സിയര്‍ എം കെ മനോഹരന്‍ പറഞ്ഞു. രണ്ടാംഘട്ടത്തിലും ആദ്യം വീടുനിര്‍മ്മാണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. 115 വീടുകളുടെ നിര്‍മ്മാണം, 25 വീടുകളുടെ പുനര്‍നിര്‍മ്മാണം, രണ്ടു അംഗന്‍വാടി, പ്രൈമറി ഹെല്‍ത്ത് സെന്റര്‍, ബയോഗ്യാസ് പ്ലാന്റ്, മാലിന്യം നീക്കാനായി സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്,ബ്രിഡ്ജ്, കമ്മ്യുണിറ്റി ഹാള്‍ എന്നിവയും രണ്ടാംഘട്ട വീടു നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുന്നതാണ്
തീരദേശമേഖലയിലെ അരക്ഷിതാവസ്ഥ തടയുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളുമായി ആരംഭിച്ച ശാന്തിനഗര്‍ കോളനിയിലെ ഒന്നാംഘട്ട വീടുനിര്‍മ്മാണം വളരെ വിജയകരമായി പൂര്‍ത്തായാക്കിയ ശേഷം പ്രഖ്യാപിച്ച രണ്ടാംഘട്ട വീടുനിര്‍മ്മാണ പദ്ധതി ഇഴഞ്ഞു നിങ്ങുകയാണ്. വരുന്ന ബജറ്റില്‍ ഫണ്ട് അനുവദിക്കുന്നതോടെ രണ്ടാംഘട്ടത്തിന് തുടക്കമാകും. കടലിന്റെ പുറമ്പോക്കില്‍ ജീവിക്കുന്ന സാധാരണക്കാരായ കോളനിക്കാരുടെ മോഹമായിരുന്നു അവിടെ പൂവണിഞ്ഞത്. ഒന്നാംഘട്ടത്തില്‍ വീടുകളുടെ പണി പൂര്‍ത്തിയായതോടെ പൊട്ടിപൊളിഞ്ഞ കൂരകളില്‍ നിന്നും സര്‍ക്കാര്‍ വാഗ്ദാനത്തോടെ കോണ്‍ക്രീറ്റ് വീടുകളിലേക്ക് ചേക്കേറി. യു ഡി എഫ് അധികാരത്തിലേറിയ ഉടന്‍ പ്രഖ്യാപിച്ച നൂറൂദിന പരിപാടികളുടെ ഭാഗമായിട്ടായിരുന്നു വെള്ളയില്‍ കടല്‍പ്പുറത്തെ ശാന്തിനഗര്‍ കോളനിയില്‍ വീടുകള്‍ നിര്‍മ്മിച്ചത്. ആദ്യഘട്ടത്തില്‍ 218 വീടുകളുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്.
കോളനിയിലെ 302 കുടുംബങ്ങള്‍ക്കായി 333 വീടുകളാണ് പദ്ധതിയില്‍പ്പെടുത്തിയത്.25 വീടുകള്‍ റിപ്പയര്‍ ചെയ്യാനും തീരുമാനിച്ചു. റിപ്പയര്‍ ചെയ്യാനുള്ള 25 വീടുകളാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട വീടുകളില്‍ 144 വീടുകള്‍ ഊരാളുങ്കലും 74 എണ്ണം സ്വകാര്യ കോണ്‍ട്രാക്ട് കമ്പനിയുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. 407 സ്‌ക്വയര്‍ ഫീറ്റിലാണ് വീടുകള്‍ പണിതത്. രണ്ട് ബെഡ് റൂം, ഒരു ഡൈനിങ്ങ് ഹാള്‍, അടുക്കള, കക്കൂസ്, സിറ്റ്ഔട്ട് തുടങ്ങി അത്യാവശ്യം സൗകര്യങ്ങളുള്ള വീടായിരുന്നു ഒന്നാംഘട്ടത്തില്‍ പണിതത്. 5,22000 രൂപയാണ് ഒരു വീടിനായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. നിലവില്‍ സ്ഥലമുള്ള വര്‍ക്ക് അവരുടെ ഭുമിയിലും സ്ഥലമില്ലാത്തവര്‍ക്ക് 2.6 സെന്റ് നല്‍കിയാണ് വീടു വെച്ചത്. കടല്‍ക്ഷോഭങ്ങളില്‍ നിന്നും സുനാമി പോലുള്ള വലിയ അക്രമങ്ങളില്‍ നിന്നും പരമാവധി സുരക്ഷ ഉറപ്പാക്കിയാണ് ഓരോ വീടും നിര്‍മ്മിച്ചത്. പെട്ടെന്നുണ്ടാവുന്ന കടലാക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓരോ വീടിനും മുകളിലേക്ക് കയറാനായി കോണ്‍ക്രീറ്റ് കോണികളും നിര്‍മ്മിച്ചിരുന്നു.
ഒരു കാലത്ത് കോഴിക്കോടിന്റെ പേടിസ്വപ്നമായിരുന്ന ശാന്തിനഗര്‍ കോളനിയെ എല്ലാ അര്‍ത്ഥത്തിലും ശുദ്ധമാക്കിയെടുത്തത് തദ്ദേശവാസികളുടെയും യുവജനസംഘടനകളുടെയും സംയുക്തമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ്. കോളനി ശുദ്ധീകരിച്ചപ്പോള്‍ ജില്ലാഭരണകൂടം സ്വയം പദ്ധതികള്‍ അവര്‍ക്കായി നടപ്പാക്കി. മാറാട് വിജയം കൈവരിച്ച സ്പര്‍ശം പദ്ധതി കോളനിയില്‍ വിജയകരമായി നടത്തി. ഇത്തരം പദ്ധതികള്‍ പ്രവര്‍ത്തിച്ചു വരുന്ന കാലത്തായിരുന്നു അടിസ്ഥാനപ്രശ്‌നം വീടാണെന്ന കാര്യം അധികൃതര്‍ക്ക് ബോധ്യമായത്. കോളനിവാസികള്‍ ഒന്നായി പരാതി നല്‍കിയപ്പോള്‍ അന്നത്തെ ജില്ലാ കലക്ടറായ പി ബി സലിം അത് വലിയൊരു പദ്ധതിയായി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയും യു ഡി എഫ് സര്‍ക്കാര്‍ വന്ന ഉടനെ പ്രഖ്യാപിച്ച നൂറുദിന പദ്ധതിയില്‍ ഭവനപദ്ധതി സ്ഥാനം പിടിക്കുകയും ചെയ്യ്തു.മുഖ്യമന്ത്രിയായിരുന്നു ഭവനനിര്‍മ്മാണ പദ്ധതിയ്ക്ക് തറക്കല്ലിടുകയും ചെയ്തു. തറക്കല്ലിട്ട ഒരു മാസം കൊണ്ടു തന്നെ വീടുപണികള്‍ ആരംഭിക്കുകയും ചെയ്തു. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയ്ക്കാണ് കൂടൂതല്‍ വീടുകളുടെയും നിര്‍മ്മാണ ചുമതല നല്‍കിയത്.
