സാനിയ മിര്‍സ ടെന്നീസില്‍ നിന്നും വിരമിച്ചു


സാനിയ മിര്‍സ തന്റെ കരിയര്‍ അവസാനിപ്പിച്ചത് തോല്‍വിയൊടെയാണെങ്കിലും തല ഉയര്‍ത്തി തന്നെയാണ് സാനിയയുടെ മടക്കം.സ്വപ്‌നമായിരുന്ന പലതും നേടിയെടുത്താണ് ഇന്ത്യന്‍ താരം ടെന്നീസ് കരിയര്‍ അവസാനിപ്പിച്ചത്. ലളിതവും സുന്ദരവുമായിരുന്നു സാനിയയുടെ വിരമിക്കല്‍ മത്സരം.


സഹതാരം മാഡിസണ്‍ കീസിനെ ചേര്‍ത്ത് പിടിച്ച്‌ ആശ്ലേഷിച്ചായിരുന്നു തന്റെ കരിയര്‍ ഔദ്യോഗികമായി അവസാനിപ്പിച്ചത്. വിരമിക്കല്‍ ചാംപ്യന്‍ഷിപ്പായ ദുബായ് ഓപ്പണില്‍ യുഎസ് താരം മാഡിസണ്‍ കീസിനൊപ്പം വനിതാ ഡബിള്‍സില്‍ ഇറങ്ങിയ സാനിയ റഷ്യന്‍ കൂട്ടുകെട്ടായ വെറോണിക്ക കുദെര്‍മെറ്റോവല്യുഡ്മില സാംസനോവ എന്നിവര്‍ക്കു മുന്നില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെട്ടത്.ജനുവരിയില്‍ തന്നെ വിരമിക്കല്‍ സൂചന സാനിയ നല്‍കിയിരുന്നു.ഓസ്ട്രേലിയണ്‍ ഓപ്പണിന് ശേഷം നടക്കുന്ന ദുബായ് ഓപ്പണോടെ കരിയര്‍ അവസാനിപ്പിക്കും എന്ന് താരം പറഞ്ഞിരുന്നു. മുപ്പത്തിയാറുകാരിയായ സാനിയ ഇന്ത്യന്‍ വനിത ടെന്നീസിന് പുതിയ ദിശാബോധമാണ് നല്‍കിയത്.


2003-ലാണ് പ്രൊഫഷണല്‍ ടെന്നിസില്‍ താരം അരങ്ങേറ്റം കുറിച്ചത്. 2009ല്‍ 23-ാം വയസ്സില്‍ മഹേഷ് ഭൂപതിക്കൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് മിക്‌സ്ഡ് ഡബിള്‍സ് കിരീടം ചൂടിയാണ് സാനിയ മിര്‍സ ഇന്ത്യന്‍ ആരാധകരുടെ മനസ്സില്‍ ചേക്കേറിയത്. രണ്ട് പതിറ്റാണ്ടോളം നീണ്ട സാനിയയുടെ കരിയറില്‍ ആറ് ഗ്രാന്‍സ്ലാം കിരീടമാണ് നേടിയിട്ടുള്ളത്. അത്യൂജ്ജലമായിരുന്നു സാനിയയുടെ കരിയര്‍. ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണ്ണവും മൂന്ന് വീതം വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്. കോമണ്‍ വെല്‍ത്ത് ഗെയിംസ്, ആഫ്രോ- ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ തിളക്കമാര്‍ന്ന നേട്ടമാണ് സാനിയ സ്വന്തമാക്കിയത്.

2010ല്‍ പാക് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിനെ വിവാഹം കഴിച്ചു. 2018-ല്‍ അമ്മയായതിന് ശേഷം കോര്‍ട്ടില്‍ നിന്ന് വിട്ട് നിന്ന സാനിയ 2020-ല്‍ വീണ്ടും ടെന്നീസില്‍ തിരിച്ചെത്തി. പത്മ ഭൂഷണ്‍, പത്മശ്രീ പുരസ്‌കാരങ്ങള്‍, അര്‍ജജുന പുരസ്‌കാരം, ഖേല്‍ രത്‌ന പുരസ്‌കാരം എന്നിവയും സാനിയയ്‌ക്ക് ലഭിച്ചിട്ടുണ്ട്.



Sharing is Caring