മയക്കുമരുന്ന് കേസ് ;യുഎസ് ബാസ്‌ക്കറ്റ്‌ബോള്‍ താരം ബ്രിട്ട്‌നി ഗ്രിനര്‍ നല്‍കിയ അപ്പീല്‍ റഷ്യന്‍ കോടതി തള്ളി


മയക്കുമരുന്ന് കേസില്‍ ഒമ്പത് വര്‍ഷത്തെ തടവ് ശിക്ഷയ്‌ക്കെതിരെ യുഎസ് ബാസ്‌ക്കറ്റ്‌ബോള്‍ താരം ബ്രിട്ട്‌നി ഗ്രിനര്‍ നല്‍കിയ അപ്പീല്‍ റഷ്യന്‍ കോടതി തള്ളി. ഹാഷിഷ് ഓയില്‍ അടങ്ങിയ വേപ്പ് കാട്രിഡ്ജുകളുമായി റഷ്യയില്‍ പ്രവേശിച്ചുവെന്നാരോപിച്ച് ഫെബ്രുവരി 17ന് അറസ്റ്റിലായ താരം ജയിലില്‍ കഴിയുകയാണ്.


മോസ്‌കോയ്ക്ക് പുറത്തുള്ള ജയിലില്‍ നിന്നും ഓണ്‍ലൈന്‍ വഴിയാണ് ഗ്രിനര്‍ കോടതിയില്‍ ഹാജരായത്. വിട്ടുമാറാത്ത വേദനയ്ക്കുള്ള ചികിത്സയുടെ ഭാഗമായാണ് ഹാഷിഷ് ഓയില്‍ കൈയ്യില്‍ സൂക്ഷിച്ചതെന്ന് ബ്രിട്ട്‌നിയുടെ അഭിഭാഷകര്‍ വാദിച്ചു. താരത്തിന് ശിക്ഷാ ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ശിക്ഷ ന്യായമാണെന്ന് റഷ്യന്‍ പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു.


മയക്കുമരുന്ന് കൈവശം വച്ചതിനും കടത്തിയതിനും താരത്തെ ഒമ്പത് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. രണ്ട് തവണ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവും വനിതാ നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ താരവുമായ ഗ്രിനര്‍ ഒരു മത്സരത്തിനായി കളിക്കാന്‍ എത്തിയപ്പോഴാണ് അറസ്റ്റിലാകുന്നത്.



Sharing is Caring