സതേണ്‍ യുക്രെയ്‌നിലെ സപ്പോറിജിയ ആണവ നിലയത്തിന് നേരെ ആക്രമണമുണ്ടായതായി റഷ്യ

തങ്ങളുടെ അധീനതയിലുള്ള സതേണ്‍ യുക്രെയ്‌നിലെ സപ്പോറിജിയ ആണവ നിലയത്തിന് നേരെ ആക്രമണമുണ്ടായതായി റഷ്യ. യുക്രെയ്‌നില്‍ നിന്നുള്ള ആക്രമണം ആണവ നിലയത്തിന്റെ ഒരു റിയാക്ടറിനെ ബാധിച്ചതായാണ് റഷ്യ ആരോപിക്കുന്നത്. എന്നാല്‍ റഷ്യയുടെ ആരോപണം യുക്രെയ്ന്‍ നിഷേധിച്ചു.

2022ലെ യുക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യ പിടിച്ചെടുത്ത ആണവ നിലയത്തിന് നേരെ എന്ത് തരത്തിലുള്ള ആയുധമാണ് പ്രയോഗിച്ചതെന്ന് വ്യക്തമല്ല.ഡ്രോണുപയോഗിച്ചാണ് ആക്രമണം നടന്നതെന്നാണ് റഷ്യയുടെ ആണവ ഏജസിയായ റൊസാറ്റം വാദിക്കുന്നത്. അണുവികിരണം സാധാരണ നിലയിലാണെന്നും ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിട്ടില്ലെന്നുമാണ് ആണവനിലയത്തി നിന്നുള്ള ഔദ്യോഗിക വിശദീകരണം.

എന്നാല്‍ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റെന്നാണ് റൊസാറ്റം വ്യക്തമാക്കിയത്. ആണവനിലയത്തിന് നേരെ യുക്രെയ്ന്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് യുക്രെയ്ന്‍ പ്രതിരോധ ഇന്റലിജന്‍സ് വിഭാഗം വക്താവ് ആന്‍ഡ്രിയ് യുസോവ് വ്യക്തമാക്കി. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആണവ സംവിധാനമാണ് സപ്പോറിജിയ.റഷ്യന്‍ വിദഗ്ധര്‍ ആണവനിലയത്തിന് നേരെ ആക്രമണമുണ്ടായതായി അറിയിച്ചതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) എക്‌സിലൂടെ പോസ്റ്റ് ചെയ്തു.

ആറ് റിയാക്ടറുകളിലൊന്നിന് നേരെയാണ് ആക്രമണമുണ്ടായതെന്നും പോസ്റ്റില്‍ പറയുന്നു. മൂന്ന് തവണയാണ് ആക്രമണമുണ്ടായതെന്നാണ് ഐഎഇഎ തലവന്‍ റഫേല്‍ ഗ്രോസി ചൂണ്ടിക്കാട്ടിയത്. ‘ഇത് സംഭവിക്കാന്‍ പാടില്ല. ആണവ സംവിധാനങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള അടിസ്ഥാന തത്വങ്ങള്‍ ലംഘിക്കുന്ന ഒരു നടപടിയുമുണ്ടാകരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *