
കീവ് : കിഴക്കൻ യുക്രെയിനിലെ ഡൊണെസ്കില്‍ 250 യുക്രെയിൻ സൈനികരെ വധിച്ചെന്ന് റഷ്യ. ആര്‍മി ചീഫ് ഒഫ് ദ ജനറല്‍ സ്റ്റാഫ് വലേറി ഗെറെസിമോവ് നേരിട്ടാണ് ഞായറാഴ്ച യുക്രെയിന്റെ ഭാഗത്ത് നിന്നുണ്ടായ ആക്രമണം തകര്‍ക്കാൻ സൈന്യത്തെ നയിച്ചതെന്നും റഷ്യ ഇന്നലെ അറിയിച്ചു.യുക്രെയിന്റെ 16 ടാങ്കുകളും 21 കവചിത വാഹനങ്ങളും തകര്‍ത്തു. എന്നാല്‍ കൊല്ലപ്പെട്ടത് യുക്രെയിൻ സൈനികരാണോ യുക്രെയിന്റെ റഷ്യാ വിരുദ്ധ സായുധ സംഘാംഗങ്ങളാണോ എന്ന് വ്യക്തമല്ല.
അതേ സമയം, റഷ്യയുടെ ആരോപണം സംബന്ധിച്ച് അറിവില്ലെന്നും വ്യാജവാര്‍ത്തകളോട് തങ്ങള്‍ പ്രതികരിക്കാറില്ലെന്നും യുക്രെയിൻ സൈന്യം പറയുന്നു.ലുഹാൻസ്ക്, സെപൊറീഷ്യ, ഖേഴ്സണ്‍ എന്നിവയ്ക്കൊപ്പം കഴിഞ്ഞ സെപ്തംബറില്‍ റഷ്യൻ ഫെഡറേഷനോട് കൂട്ടിച്ചേര്‍ത്തതായി പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിൻ പ്രഖ്യാപിച്ച യുക്രെയിൻ പ്രവിശ്യകളിലൊന്നാണ് ഡൊണെസ്ക്.

