യു.എസിനും നാറ്റോയ്ക്കും ശക്തമായ മുന്നറിയിപ്പുമായി റഷ്യ രംഗത്ത്. വാക്കുകളിലൂടെയല്ല, മറിച്ച് ഒരു വീഡിയോയിലൂടെയാണ് റഷ്യ തങ്ങളുടെ എതിരാളികളെ വിരട്ടിയിരിക്കുന്നത്.അത്യാധുനിക ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലായ ‘ ആര്‍.എസ് – 24 യാര്‍സി”നെ ഒരു ഭൂഗര്‍ഭ മിസൈല്‍ വിക്ഷേപണ അറയില്‍ സ്ഥാപിക്കുന്നതിന്റെ വീഡിയോ ആണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടത്.
മോസ്കോയ്ക്ക് തെക്ക് പടിഞ്ഞാറുള്ള കലൂഗ മേഖലയിലെ കൊസെല്‍സ്ക് മിലിട്ടറി കോംപ്ലസില്‍ യാര്‍സിനെ സ്ഥാപിക്കുന്നതിന്റെ വീഡിയോ ബുധനാഴ്ചയാണ് റഷ്യ പുറത്തുവിട്ടത്. മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷനില്‍ പ്രത്യേക വാഹന യൂണിറ്റുകളുടെ സഹായത്തോടെയാണ് യാര്‍സിനെ മിസൈല്‍ വിക്ഷേപണ അറയിലേക്ക് സ്ഥാപിച്ചത്. തൊട്ടുപിന്നാലെ മറ്റൊരു യാര്‍സ് മിസൈലിനെ ഇവിടെ എത്തിക്കുന്നതിന്റെ വീഡിയോ റഷ്യ ഇന്നലെ പുറത്തുവിട്ടു.

ചില്ലറക്കാരനല്ല യാര്‍സ്. 1945 ഓഗസ്റ്റ് 6ന് ഹിരോഷിമയില്‍ അമേരിക്ക വര്‍ഷിച്ച അറ്റോമിക് ബോംബിനേക്കാള്‍ 12 മടങ്ങ് ശേഷിയുള്ള ആണവപോര്‍മുന വഹിക്കാന്‍ കഴിവുള്ള മിസൈലാണിതെന്നാണ് റിപ്പോര്‍ട്ട്. 7,500 മൈലാണ് യാര്‍സിന്റെ പ്രഹര പരിധി. യു.എസും യൂറോപ്പും ഇതിനുള്ളില്‍ വരും. ടോപോള്‍ – എം.ആര്‍ ബാലിസ്റ്റിക് മിസൈലിന്റെ പരിഷ്കരിച്ച രൂപമാണ് യാര്‍സ്.
മോസ്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് തെര്‍മല്‍ എഞ്ചിനിയറിംഗ് വികസിപ്പിച്ച യാര്‍സിനെ 2007ലാണ് ആദ്യമായി പരീക്ഷിച്ചത്. നാളെ നടക്കുന്ന വാര്‍ഷിക മിസൈല്‍ സേനാ ദിനത്തോടനുബന്ധിച്ചാണ് യാര്‍സ് അടക്കമുള്ള ആണവായുധങ്ങളുടെ ശേഖരം റഷ്യ പുറംലോകത്തിന് തുറന്നുകാട്ടുന്നത്.
ഇക്കഴിഞ്ഞ ഒക്ടോബറില്‍ ആണവായുധ സേനയുടെ വാര്‍ഷിക സൈനികാഭ്യാസത്തിനിടെ യാര്‍സിന്റെ പരീക്ഷണം നടത്തിയിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ നേരിട്ടെത്തി ഇതിന് മേല്‍നോട്ടം വഹിച്ചിരുന്നു. നിലവില്‍ യുക്രെയിനില്‍ റഷ്യ ആണവായുധം പ്രയോഗിക്കുമോ എന്ന ഭീതി നിലനില്‍ക്കെയാണ് യാര്‍സിനെ സജ്ജമാക്കിയിരിക്കുന്നത്.













