ന്യൂഡൽഹി : ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ഏഴുമാസം മാത്രം ബാക്കിനിൽക്കേ, ഡൽഹിയിലും ബംഗളൂരുവിലുമായി ചൊവ്വാഴ്ച ഭരണ-പ്രതിപക്ഷ പാർട്ടികളുടെ ശക്തിപ്രകടനം. ബി.ജെ.പിക്കെതിരെ പൊതുതന്ത്രം രൂപപ്പെടുത്താൻ 26 പ്രതിപക്ഷ പാർട്ടികൾ ബംഗളൂരുവിൽ വിളിച്ച രണ്ടു ദിവസത്തെ യോഗത്തിന് ബദലായി എല്ലാ ചങ്ങാത്ത കക്ഷികളെയും ബി.ജെ.പി ചൊവ്വാഴ്ച തിരക്കിട്ട് ഡൽഹിക്ക് വിളിച്ചു.
38 പാർട്ടികൾ പങ്കെടുക്കുമെന്നാണ് പ്രഖ്യാപനം.ലോക്സഭയിൽ ഒറ്റക്ക് കേവല ഭൂരിപക്ഷമുള്ള പാർട്ടിയെന്ന നിലക്ക് സഖ്യകക്ഷികളെ വർഷങ്ങളായി തഴഞ്ഞിട്ട ബി.ജെ.പിയാണ് പ്രതിപക്ഷ ഐക്യസമ്മേളനത്തിന്റെ അതേ ദിവസം തന്നെ ഡൽഹിയിൽ പ്രത്യേക യോഗം വിളിച്ചത്. ബി.ജെ.പിയൊഴിച്ച് ശക്തരായ പാർട്ടികൾ ഇക്കൂട്ടത്തിൽ വിരളം. പ്രതിപക്ഷം വിളിച്ച യോഗത്തിന് എത്തുന്നത് കോൺഗ്രസും പ്രാദേശിക തലത്തിൽ കരുത്തരായ പാർട്ടികളുമാണ്. അതേസമയം, ശക്തമായ ഐക്യം ഇനിയും രൂപപ്പെട്ടിട്ടില്ല.













