ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച; അജിത് കുമാറിനെതിരെ കർശന നടപടി വേണമെന്ന് സിപിഐ


എഡിജിപി എം ആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ കർശനമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സിപിഐ. മുന്നണിയുടെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടിന് വിരുദ്ധമായ നടപടികളെ ഒരിക്കലും നീതീകരിക്കാൻ കഴിയുന്നതല്ലെന്ന് സിപിഐ സംസ്ഥാന നേതൃത്വം സിപിഐഎമ്മിനെ അറിയിച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കണമെന്നും സിപിഐ മുന്നണി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് എതിരായി ഉയർന്ന ആരോപണങ്ങളയും ഗൗരവത്തോടെ കാണണമെന്നും സിപിഐ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ അറിയിച്ചു. ഇതുസംബന്ധിച്ച ചർച്ചകൾ മുന്നണി യോഗത്തിലേക്ക് കൊണ്ടുപോകാതെ അതിന് മുമ്പുതന്നെ പരിഹാരം കാണണമെന്നാണ് സിപിഐയുടെ നിലപാട്.


അന്വേഷണം പുരോഗമിക്കുമ്പോഴും എം ആർ അജിത് കുമാറിനെതിരെ നടപടിയെടുക്കാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. ഇത് കടുത്ത വിമർശനത്തിനാണ് ഇടയാക്കുന്നത്. നേരത്തെ എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാൻ സർക്കാർ ആലോചിച്ചിരുന്നു. ഈ കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം വൈകുന്നത്.




Sharing is Caring