പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ വീണ്ടും സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങി റോബിന്‍ ബസ്. റോബിന്‍ ബസിന്റെ ടൂറിസ്റ്റ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി 18 വരെ ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പിടിച്ചെടുത്ത ബസ് വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ ഇന്നു തന്നെ ഉടമകള്‍ ആരംഭിച്ചിട്ടുണ്ട്. ബസ് വിട്ടു കിട്ടുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന് അപേക്ഷ നല്‍കും. ബസ് കിട്ടുന്നതിന്റെ പിറ്റേദിവസം തന്നെ സര്‍വീസ് നടത്താനാണ് നീക്കം.
ഡിസംബര്‍ 18 വരെയാണ് പെര്‍മിറ്റ് റദ്ദാക്കിയ നടപടി മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. പെര്‍മിറ്റ് കാലാവധി അവസാനിച്ചെന്ന സര്‍ക്കാര്‍ വാദത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ബസ് പിടിച്ചെടുക്കുകയാണെങ്കില്‍ പിഴ ഈടാക്കി വിട്ടു നല്‍കണമെന്നും കോടതി പറഞ്ഞു.ബസ്സുടമയായ കോഴിക്കോട് സ്വദേശി കിഷോര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ്ങിന്റെ ഇടക്കാല ഉത്തരവ്.

ഹര്‍ജിയില്‍ വിശദീകരണത്തിന് സര്‍ക്കാര്‍ സമയം തേടി. പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിച്ചതിന്റെ പേരില്‍ പിടിച്ചെടുത്ത രണ്ടു ബസുകള്‍ പിഴ ഈടാക്കി വിട്ടുനല്‍കാനും കോടതി നിര്‍ദേശിച്ചു.അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍, റൂട്ട് ബസായി ഓടുന്നത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അഖിലേന്ത്യാ പെര്‍മിറ്റ് നേടിയാല്‍ സംസ്ഥാനസര്‍ക്കാരിന്റെ അനുമതിയില്ലാതെ എവിടേക്കും സര്‍വീസ് നടത്താമെന്ന ബസുടമകളുടെ വാദം തള്ളുന്നതായിരുന്നു ഈ നിരീക്ഷണം.
തുടര്‍ച്ചയായ നിയമലംഘനം ചൂണ്ടിക്കാട്ടി കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ റോബിന്‍ ബസ് എം.വി.ഡി. പിടിച്ചെടുത്തുത്തിരുന്നു. ഹൈക്കോടതി ഉത്തരവ് മറികടക്കും വിധം തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തിയെന്ന് ചൂണ്ടികാട്ടിയാണ് നടപടി. ബസ് പത്തനംതിട്ട എ.ആര്‍. ക്യാമ്പിലേക്ക് മാറ്റുകയും ചെയ്തിരുന്നു.













