മണിപ്പൂരിൽ പഞ്ചാബ് നാഷണൽ ബാങ്കിൽ സിനിമാസ്റ്റൈൽ കവർച്ച


മണിപ്പൂരിൽ വൻ ബാങ്ക് കവർച്ച. പഞ്ചാബ് ഉഖ്രുൾ ജില്ലയിൽ പഞ്ചാബ് നാഷണൽ ബാങ്കിലാണ് സിനിമാസ്റ്റൈൽ കൊള്ള നടന്നത്.വ്യൂലാൻഡിലെ ഉഖ്‌റുൽ ടൗണിന്റെ ഹൃദയഭാഗത്താണ് ബാങ്ക് സ്ഥിതി ചെയ്യുന്നത്. ഇവി‌ടെ 11 ജീവനക്കാരാണ് ഉണ്ടായിരുന്നത്.ആയുധധാരികളായെത്തിയ കൊള്ള സംഘം 18 കോടിരൂപ കവർന്നതായാണ് റിപ്പോർട്ട്.ഇന്നലെ വൈകീട്ടാണ് സംഭവം.പിഎൻബി ബാങ്കിന്റെ പ്രധാന ഗേറ്റിൽ കാവൽ നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ചാണ് സംഘം അകത്ത് കടന്നത്.


മുഖംമൂടി ധരിച്ച 8-10 പുരുഷന്മാർ ബാങ്കിലേക്ക് ആതിക്രമിച്ച് എത്തുകയും ജീവനക്കാരെ ശുചിമുറിക്കുള്ളിൽ കെട്ടിയ ശേഷം പൂട്ടിയിടുകയും ചെയ്തു.തുടർന്ന് തോക്ക് ചൂണ്ടി മാനേജരെ ഭീഷണിപ്പെടുത്തി ലോക്കർ തുറന്ന് പണം കൊള്ളയടിക്കുകയായിരുന്നു.ഒരേയൊരു സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് കവർച്ച നടക്കുന്ന സമയത്ത് ബാങ്കിലുണ്ടായിരുന്നത്. സിനിമകളിൽ കാണുന്നത് പോലെ വെറും പത്ത് മിനിറ്റ് സമയത്തിനകം സംഘം പണം കൊള്ളയടിച്ച് കടന്ന്കളഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പിന്നീട് ഉഖ്‌റുൾ എസ്‌പി നിംഗ്‌ഷെം വഷുമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിഎൻബി ബാങ്കിലെത്തി അന്വേഷണം ആരംഭിച്ചു.


പ്രതികളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഉഖ്രുൾ ജില്ലയുടെ ആർബിഐയുടെ കറൻസി ചെസ്റ്റാണ് പിഎൻബി. സംഭവത്തിൽ എത്രയും വേഗം പ്രതികളെ പിടികൂടാൻ സാധിക്കുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. സമീപ പ്രദേശങ്ങളിലും പരിസരങ്ങളിലും ആവശ്യമായ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും എല്ലാ പ്രതികളെയും പിടികൂടാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും എസ്പി അറിയിച്ചു.



Sharing is Caring