കോവിഡ് 19: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ


കോവിഡ് 19 കാലഘട്ടത്തില്‍ വെല്ലുവിളികളെ അതിജീവിച്ച് എങ്ങനെ കേരളത്തെ മുന്നോട്ടു നയിക്കാമെന്നതിന് ഉദാഹരണമാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ. കോരപ്പുഴ നാരങ്ങോളി താഴെ റോഡ് ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വഹിക്കുകയായിരുന്നു മന്ത്രി. എല്ലാ മേഖലകളിലും പ്രതിസന്ധികളെ അതിജീവിച്ച് ജനജീവിതം സാധാരണ നിലയിലേക്ക് കൈപിടിച്ചുയര്‍ത്തുകയാണ് സര്‍ക്കാര്‍.


ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും ലോകത്തിനുതന്നെ മാതൃകയായിരിക്കുകയാണ് കേരളം. തീരദേശ പശ്ചാത്തല സൗകര്യ വികസനത്തിന് ഫിഷറീസ് വകുപ്പ് മുഖേന 600 കോടിയിലധികം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് രണ്ടുവര്‍ഷങ്ങളിലായി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. കെ ദാസന്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.


സംസ്ഥാന സര്‍ക്കാര്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് വഴി അനുവദിച്ച 75 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഈരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കായിരുന്നു നിര്‍മ്മാണ ചുമതല. പുഴയോരത്തൂടെ നിര്‍മിച്ച മനോഹരമായ ഈ റോഡ് ഇതിനോടകം തന്നെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട്, വാര്‍ഡ് അംഗം പി.ടി.സോമന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, പി.സി.സതീഷ് ചന്ദ്രന്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Sharing is Caring