ഇന്ത്യയില്‍ നിന്നുള്ള ഓസ്കര്‍ മത്സര പട്ടികയില്‍ ഇടം നേടി ഋഷബ് ഷെട്ടിയുടെ കാന്താര

2022-ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര. 16 കോടി മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ ചിത്രം 400 കോടിയോളമാണ് സ്വന്തമാക്കിയത്.ബിഗ് ബജറ്റില്‍ വന്ന കെജിഎഫ് 2-വിന്റെ സ്വീകാര്യതയെ പോലും മറികടക്കാന്‍ ഋഷഭ് ഷെട്ടിയുടെ കാന്താരയ്‌ക്ക് കഴിഞ്ഞു. മിത്തും മണ്ണും മനുഷ്യനും കൂടിച്ചേര്‍ന്ന മാന്ത്രികതയായിരുന്നു കാന്താര. പ്രേക്ഷകരെ മറ്റൊരു ലോകത്തേയ്‌ക്ക് കൂട്ടി കൊണ്ടു പോകുന്ന ചിത്രത്തിന് വലിയ പ്രശംസയാണ് ലഭിച്ചത്.

2023-ലെ ഓസ്‌കറിന് കാന്താരയും അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇപ്പോഴിതാ, ഇന്ത്യയില്‍ നിന്നുള്ള ഓസ്കര്‍ മത്സര പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് കാന്താരയും.മികച്ച ചിത്രം, മികച്ച നടന്‍ എന്നീ വിഭാഗങ്ങളിലാണ് മത്സര പട്ടികയില്‍ കാന്തര ഇടം നേടിയിരിക്കുന്നത്. ഇതോടെ പ്രധാന നോമിനേഷനില്‍ കാന്താര എത്തുന്നതിനായി ഓസ്കര്‍ അംഗങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താം. ചിത്രം യോഗ്യത പട്ടികയില്‍ ഇടം നേടിയതില്‍ സന്തോഷമുണ്ടെന്ന് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് അറിയിച്ചു.

‘കാന്താരയ്‌ക്ക് 2 ഓസ്‌കാര്‍ യോഗ്യതകള്‍ ലഭിച്ചുവെന്നത് പങ്കിടുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്! ഞങ്ങളെ പിന്തുണച്ച എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി. മുന്നോട്ടുള്ള ഈ യാത്ര എല്ലാവരുമായും പങ്കിടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ പിന്തുണ വേണം’ എന്നാണ് ഹൊംബാളെ ഫിലിംസ് പറഞ്ഞത്.അന്തിമ നോമിനേഷനില്‍ കാന്താര എത്തുമോയെന്ന് ഉടന്‍ തന്നെ അറിയാം. ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം അവസാന പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച നടന്‍, മികച്ച ദൃശ്യാവിഷ്‌കാരം എന്നീ വിഭാഗങ്ങളിലായാണ് ആര്‍ആര്‍ആര്‍ മത്സരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *