കജോളിനെ കേന്ദ്രകഥാപാത്രമാക്കി രേവതി സംവിധാനം ചെയ്യുന്ന ‘സലാം വെങ്കി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി.
ഒരു രോഗിയായ മകനും അവനെ ജീവനോളം സ്നേഹിക്കുന്ന അമ്മയുമാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. ഒരു അമ്മയും മകനും തമ്മിലുള്ള സ്നേഹം, അവര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍, അവരുടെ അതിജീവനം എന്നിവയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. കജോള്‍ അമ്മയായും വിശാല്‍ ജെത്വ മകന്‍റെ വേഷത്തിലും എത്തുന്നു.

ട്രെയിലറിന്‍റെ അവസാനം അതിഥി വേഷത്തില്‍ എത്തുന്ന ആമിര്‍ ഖാനാണ് ചിത്രത്തിന്‍റെ മറ്റൊരു പ്രധാന ആകര്‍ഷണം. ഒരക്ഷരം പോലും മിണ്ടുന്നില്ലെങ്കിലും തന്‍റെ ആരാധകരെ ലുക്ക് കൊണ്ട് ആമിര്‍ അത്ഭുതപ്പെടുത്തി. ആമിറും കജോളും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് സലാം വെങ്കി. 2006 ല്‍ പുറത്തിറങ്ങിയ ഫനാ ആണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. 1997-ല്‍ പുറത്തിറങ്ങിയ ഇഷ്ക് ആണ് ആദ്യ ചിത്രം.
ആമിര്‍-കജോള്‍ ജോഡി സോഷ്യല്‍ മീഡിയയില്‍ ആഘോഷമായി മാറിയിരിക്കുകയാണ്. നിരവധി പോസ്റ്റുകളും ട്വീറ്റുകളും ട്രെയിലറിന് ലഭിക്കുന്നുണ്ട്. ആമിറും കജോളും ഒരുമിച്ച് വരാന്‍ കാത്തിരിക്കുകയാണെന്നും അവരുടെ പ്രായം റിവേഴ്സ് ഗിയറിലാണെന്നും സോഷ്യല്‍ മീഡിയയില്‍ ധാരാളം കമന്‍റുകള്‍ വന്നിട്ടുണ്ട്.













