ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു

ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കേന്ദസർക്കാർ പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇംഗ്ലണ്ട് പിൻവലിച്ചതിന് പിന്നാലെയാണ് നടപടി.

ഇംഗ്ലണ്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്തവർക്കും നിർബന്ധിത ക്വാറൻ്റീൻ ഏർപ്പെടുത്തി ഈ മാസം ഒന്നിനാണ് കേന്ദ്ര സർക്കാർ മാർഗ്ഗ രേഖ പുറപ്പെടുവിച്ചത്. ഇത് പിൻവലിച്ചതോടെ യാത്രക്കാർ ഈ വർഷം ഫെബ്രുവരിയിൽ ഉണ്ടായിരുന്ന പഴയ മാനദണ്ഡങ്ങൾ പാലിച്ചാൽ മതിയാകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പത്ത് ദിവസത്തെ നിർബന്ധിത ക്വാറന്റീനാണ് ഇന്ത്യ ഏർപ്പെടുത്തിയിരുന്നത്. ഇന്ത്യയിലേക്ക് വരുന്നതിന് മുൻപും ശേഷവും ആർടിപിസിആർ പരിശോധന നിർബന്ധമായിരുന്നു. എട്ട് ദിവസത്തെ ക്വാറന്റീന് ശേഷവും ആർടിപിസിആർ പരിശോധന നടത്തണം.

ഇന്ത്യയിൽ നിന്നുള്ളവർക്ക് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചാലും ക്വാറന്റീൻ വേണമെന്ന് ബ്രിട്ടൻ നിർദേശിച്ചിരുന്നു. ബ്രിട്ടന്റെ നിർബന്ധിത നടപടിയിൽ ഇന്ത്യ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടന്റെ തീരുമാനം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് തിരിച്ചടിയാണെന്നും വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശിഖ്‌ള പ്രതികരിച്ചിരുന്നു. ബ്രിട്ടൻ നയം മാറ്റിയില്ലെങ്കിൽ ഇന്ത്യയും സമാനനയം സ്വീകരിക്കുമെനന്നായിരുന്നു ഇന്ത്യയുടെ നിലപാട്.

ഇന്ത്യയിൽ നിന്ന് രണ്ട് ഡോസ് കൊവിഷീൽഡ് സ്വീകരിച്ചവരാണെങ്കിലും ബ്രിട്ടണിലെത്തിയാൽ 10 ദിവസം ക്വാറന്റീനിൽ പ്രവേശിക്കണമെന്നായിരുന്നു ബ്രിട്ടന്റെ നിലപാട്. അതേസമയം ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ക്വാറന്റീൻ ഏർപ്പെടുത്തുന്നതുപോലെ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് ആസ്ട്ര സെനകയുടെ വാക്‌സിനെടുത്തവർക്ക് ക്വാറന്റീൻ ബ്രിട്ടൻ നിഷ്‌കർഷിച്ചിരുന്നില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *