എറണാകുളം: വൈസ് ചാൻസലർമാരുടെ രാജിയുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിക്കെതിരെ തല്‍ക്കാലം അപ്പീല്‍ വേണ്ടെന്ന് വി.സിമാരുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കും. തുടര്‍ തീരുമാനം അറിഞ്ഞ ശേഷം നിയമനടപടികളിലേക്ക് കടക്കുമെന്നാണ് വി.സിമാര്‍ അറിയിക്കുന്നത്.
ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുന്നതില്‍ പിന്നീട് തീരുമാനം കൈക്കൊള്ളും. കേസ് കോടതിയില്‍ നിലനില്‍ക്കുമോ എന്നതില്‍ ആശങ്ക നിലനിൽക്കുകയാണ്.
ഇന്നലത്തെ സിംഗിള്‍ ബെഞ്ചിന്റെ ചോദ്യങ്ങള്‍ വി.സിമാർക്ക് തിരിച്ചടിയാണെന്നാന്ന് വിലയിരുത്തല്‍. സര്‍ക്കാരുമായി കൂടിയാലോചിച്ച് വി.സിമാർ അന്തിമ തീരുമാനമെടുക്കും.

കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ വി.സിമാർ ഉടൻ രാജി വയ്ക്കണമെന്ന കത്ത് അസാധുവായെന്നും 9 വി.സിമാർക്കും സ്ഥാനത്ത് തുടരാമെന്നും ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
ഇന്നലെ നൽകിയ കാരണം കാണിക്കൽ നോട്ടീസ് പ്രകാരം ഗവർണർ/ചാൻസലർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഒമ്പത് സർവകലാശാലകളിലെയും വൈസ് ചാൻസലർമാർക്ക് അവരുടെ സ്ഥാനങ്ങളിൽ തുടരാമെന്നാണ് കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ചാൻസലറുടേത് തന്നെയായിരിക്കുമെന്നും നടപടിക്രമങ്ങൾ നിയമപ്രകാരം ആകണമെന്നും കോടതി വ്യക്തമാക്കി.













