സിവിക് ചന്ദ്രൻ വടകര ഡിവൈഎസ്പി മുമ്പാകെ ഹാജരായി


വടകര: ലൈംഗിക പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇന്ന് രാവിലെ വടകര ഡിവൈഎസ്പി മുമ്പാകെ അഭിഭാഷകർക്കൊപ്പമാണ് ഹാജരായത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാകും.വടകര പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സർക്കാരും പരാതിക്കാരിയും നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി.


പ്രായാധിക്യം പരിഗണിച്ച് സിവിക് ചന്ദ്രന് നേരത്തെ കോഴിക്കോട് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരേ സർക്കാരും പരാതിക്കാരിയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹർജിയിലാണ് മുൻകൂർ ജാമ്യം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്.

online news portal

ഏപ്രിൽ 17-ന് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിയോട് അതിക്രമം കാട്ടിയെന്നാണ് പരാതി. ഇതേത്തുടർന്ന് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തിരുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

നേരത്തെ, പരാതിക്കാരിയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടു കോടതി നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ ഈ കേസ് തന്നെ നിലനിൽക്കില്ലെന്നാണ് സെഷൻസ് കോടതി സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ട് പറഞ്ഞത്. കോഴിക്കോട് സെഷൻസ് കോടതിയുടെ ‘ലൈംഗിക പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രം’ എന്ന പ്രയോഗം പിന്നാലെ ഹൈക്കോടതി നീക്കംചെയ്യുകയും ചെയ്തു.



Sharing is Caring