ലക്ഷ്മി നാരായണ്‍ ത്രിപാഠി ശ്രദ്ധേയയായ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ സാമൂഹ്യ പ്രവര്‍ത്തകയും ഭരതനാട്യം നര്‍ത്തകിയും, അഭിനേത്രിയുമാണ്. 2008ല്‍ യു.എന്നില്‍ ഏഷ്യ പസിഫിക്കിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന ബഹുമതി കൂടി അവര്‍ക്കുണ്ട്. ‘Me Hijra, Me Laxmi’ ആയിരുന്നു അവരുടെ ആദ്യ പുസ്തകം. 2012ല്‍ മറാഠിയില്‍ പുറത്തിറങ്ങിയ ‘റെഡ് ലിപ്സ്റ്റിക്’ എന്ന ആത്മകഥ ഇംഗ്ലീഷിലും, ഗുജറാത്തിയിലും ഹിന്ദിയിലും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
രണ്ട് ശാരീരികാവസ്ഥകള്‍ തനിക്ക് പ്രാപ്യമാണ് എന്ന് പറയുന്ന ലക്ഷ്മി നാരായണ്‍ ത്രിപാഠി, ഹിജഡ എന്ന പദത്തില്‍ ഒരു രാജ്യത്തിന്റെ പാരമ്ബര്യവും, സാംസ്‌കാരികതയും അവകാശപ്പെടുന്നു. ലൈംഗികഭിന്നത അനുഭവപ്പെടുന്ന ഒരാള്‍ ഹിജഡയായി അറിയപ്പെടുന്നത് അവരുടെ മാത്രം യുക്തിയിലാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഹിജഡകളുടെ ലോകത്തെക്കുറിച്ചുള്ള ശരിയായ വിദ്യാഭ്യാസത്തിന്റെ അഭാവവും, അവസരങ്ങളില്ലായ്മയുമാണ് ഇതിന് കാരണം എന്ന് പറയുമ്‌ബോള്‍ അത് സമൂഹത്തിനോടുള്ള ചോദ്യമായി നമ്മിലേക്ക് എറിയപ്പെടുന്നു.

റെഡ് ലിപ്സ്റ്റിക്ക് പേരുകൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടുന്ന ഒരു കൃതിയല്ല. പൂജ പാണ്ഡെയുടെ സഹായത്താല്‍, എഴുതിയ ആത്മകഥയാണ് റെഡ് ലിപ്സ്റ്റിക്. ഭിന്നലിംഗത്തില്‍ ജനിച്ച ലക്ഷ്മിയുടെ ജീവിതാനുഭവങ്ങളാണ് ഇതിലൂടെ എടുത്തുകാണിക്കുന്നത്. അവരുടെ ജീവിതത്തില്‍ വന്നു പോയിട്ടുള്ള, ജീവിതത്തിന്റെ ഒഴുക്കിനെ മാറ്റിമറിച്ച ഒരു പറ്റം ആളുകളെ എടുത്തുപറയുകയാണ് ഈ രചനയിലൂടെ.
ഹിജഡയായി ജനിക്കുന്ന ഓരോ കുട്ടിയും വളര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. പുരാണങ്ങളും ഇതിഹാസങ്ങളും ദേവന്മാരും തുല്യത നല്കിപ്പോന്ന ഇവരെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും ഒഴിവാക്കുന്നു എന്ന വസ്തുത വെളിപ്പെടുത്തുക കൂടിയാണ് ഇതിലൂടെ. ഓരോ ഭാഗവും ഓരോ പുരുഷന് സമര്‍പ്പിച്ചാണ് ഇതിന്റെ ഒഴുക്ക്. ‘രാജുവായി’, ബാഹ്യ പുരുഷ ലക്ഷണങ്ങളോട് കൂടി ജനിച്ച ലക്ഷ്മി തന്നിലെ സ്ത്രീക്കാണ് കൂടുതല്‍ സ്വാധീനം എന്ന് തിരിച്ചറിയുന്ന നിമിഷം ഒരു ഞെട്ടലോടെയാണ് സ്വീകരിക്കുന്നത്.
താന്‍ ആദ്യം കണ്ടു മുട്ടുന്ന അശോക് റോ കവി മുതല്‍, അച്ഛനും, സഹോദരങ്ങളും, ബിസിനസ് പങ്കാളികളും, മക്കളും, സുഹൃത്തുക്കളും എല്ലാം വന്നുപോകുന്നു ഓരോ കഥാപാത്രമായി. ഓരോ മനുഷ്യനും തന്റെ ജീവിതത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്താനായിട്ടുണ്ടെന്ന് വ്യക്തമായി വിവരിക്കുന്നു ഈ പുസ്തകം. ആദ്യ മകനായ ദീപകിന്റെ ഭാര്യയോട് കര്‍ക്കശക്കാരിയായ അമ്മായിയമ്മയായി മാറുന്നതായി അവര്‍ കുറ്റസമ്മതം നടത്തുന്നുണ്ട്. ചേച്ചിയായും അമ്മയായും, കാമുകിയായും മാറുന്ന ലക്ഷ്മി അവരിലെ സ്ത്രീത്വവും അസ്തിത്വവും അളക്കുന്നുണ്ട്.
നൃത്തത്തിനും പ്രണയത്തിനും , ശരീരത്തിനും തന്നെ പ്രാപിച്ചവരേയും, താന്‍ സ്‌നേഹിച്ചവരേയും ഒരിക്കലും മറക്കാന്‍ കഴിയില്ലെന്ന് ഇടയ്ക്കിടെ അവര്‍ ഓര്‍മപ്പെടുത്തുന്നു. പുരുഷനായി ശരീരം കൊണ്ടും സ്ത്രീയായി മനസ്സ് കൊണ്ടും ജീവിക്കേണ്ടി വരിക എത്രമാത്രം കഠിനമായിരുന്നുവെന്ന് സ്വയം തിരിച്ചറിയുംവരെ പ്രയാസകരമായിരുന്നുവെന്ന് ലക്ഷ്മി സാക്ഷ്യപ്പെടുത്തുമ്‌ബോള്‍ സ്‌നേഹത്തോടെ മനസ്സുകൊണ്ട് ആശ്ലേഷിച്ചു പോകും.
ആറുവയസ്സില്‍ സ്വന്തം ബന്ധുവില്‍ നിന്നേല്‍ക്കേണ്ടി വന്ന ലൈംഗിക പീഡനം തന്നെ മാനസികമായി തകര്‍ത്തുവെന്നും അതിനു ശേഷം ഒന്നൊഴിയാതെ വീട്ടിലെ ഓരോ പുരുഷന്മാരും തന്നെ പ്രാപിച്ചതായും ഒരു പ്രതികാരച്ചിരിയോടെ വിവരിക്കുന്നു. തന്നെ സ്‌നേഹിക്കുവാനും, തനിക്ക് സ്‌നേഹിക്കുവാനും ഒരാളുണ്ടാവുക എന്നതിനോടൊപ്പം തന്നെ പൂര്‍ണമായും സ്വന്തമാക്കുന്ന ഒരാള്‍ ജീവിതത്തില്‍ വേണമെന്ന് ആശിക്കുന്ന മനസ്സ് വിക്കി തോമസിനെ തന്റെ ഭര്‍ത്താവായി കണ്ടെത്തുന്നു.
ഹിജഡകളുടെ ചരിത്രം ചൂഴ്ന്ന് പരിശോധിക്കുമ്‌ബോള്‍ ശിഖണ്ഡിയായും, മോഹിനിയായും, ശിവ ശക്തിയായും (അര്‍ദ്ധനാരീശ്വര സങ്കല്‍പം) അംഗീകരിച്ചിരുന്നതും ആരാധിച്ചിരുന്നതും അറിഞ്ഞു കൊണ്ട് തന്നെ, ഹിജഡകളെ സമൂഹത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടുന്നതിനെ അവര്‍ ചോദ്യം ചെയ്യുന്നു.
വില്ലാളിവീരനായ അര്‍ജ്ജുനന്‍ തന്നെ ഒരു സ്ത്രീയുടെ രൂപവും ഭാവവും ധരിച്ച് ഒരു വര്‍ഷത്തോളം സന്തോഷപൂര്‍വം ജീവിച്ച ചരിത്രമുണ്ട് എന്നുകൂടി ഓര്‍മിപ്പിക്കുന്നു ലക്ഷ്മി. പുരുഷാധിപത്യം വാഴുന്ന സമൂഹം ഒളിഞ്ഞും തെളിഞ്ഞും അവരെ ചൂഷണം ചെയ്യുന്നത് തടയുക കൂടിയാണ് ലക്ഷ്യമെന്ന് ഈ പുസ്തകം വായിക്കുന്ന ഓരോരുത്തര്‍ക്കും മനസ്സിലാകും.
സ്ത്രീയെന്നത് (XX) പൂര്‍ണതയെത്തിയ സൃഷ്ടിയാണെന്ന് പറയുമ്‌ബോള്‍ പുരുഷനില്‍ (XY) ഒരു സ്ത്രീ ഒളിഞ്ഞിരിക്കുന്നുവെന്ന് നമ്മെ മനസ്സിലാക്കി ത്തരുന്നു. ഭിന്ന ലിംഗക്കാര്‍ക്കായി ഇരുപത്തിനാലു മണിക്കൂറും സേവനം അനുഷ്ഠിക്കുന്ന ഇവര്‍ തുല്യാവകാശം വേണമെന്ന് സമര്‍ഥിക്കുമ്‌ബോള്‍ തെറ്റുപറയാനാകില്ല. വളരെ ധൈര്യത്തോടെയുള്ള, ഒരു സെലിബ്രിറ്റിയുടെ സ്വകാര്യ ജീവിതത്തിന്റെ ഏടുകളാണിതെന്ന് ലക്ഷ്മി തന്നെ സ്വന്തം പുസ്തകത്തെ കുറിച്ച് പറയുന്നു.
പുരുഷന്‍ സ്ത്രീയായും, സ്ത്രീ പുരുഷനായും ഒക്കെ മാറിയ കഥകളുറങ്ങുന്ന ഭാരതത്തിലെ ദേവതമാര്‍ക്കു തന്നെയാണ് തന്റെ പുസ്തകം സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്നും ലക്ഷ്മി പറയുന്നു. ലക്ഷ്മിക്ക് വേണ്ടി ജീവിതം വാക്കുകളിലാക്കിയ പൂജ പാണ്ഡെ പറയുന്നതിപ്രകാരം: ‘ബുദ്ധിയുള്ള വയസ്സായ ലക്ഷ്മിയെയാണ് ഞാന്‍ ചിന്തിച്ചത്.. അവരായിരുന്നു റെഡ് ലിപ്സ്റ്റിക്കിലെ പ്രധാന വക്താവ്. അതുകൊണ്ടുതന്നെ ലക്ഷ്മിയെ എനിക്ക് നിര്‍ഭയയായ ഒരു ആക്ടിവിസ്റ്റായും കാമുകിയായും ഭാര്യയായും രാജു എന്ന പുരുഷനായും, എന്നെപ്പോലെ മറ്റാരൊക്കെയോ ആയും എനിക്ക് കണ്ടെത്തേണ്ടതുണ്ടായിരുന്നു..’













