: നോട്ട് നിരോധനം സ്വതന്ത്യ ഇന്ത്യ കണ്ട ഏറ്റവും വലിയ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന് നഷ്ടമായ തുക ബിജെപിയില്‍ നിന്ന് ഈടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
2016 നവംബര്‍ എട്ടിന് രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന 15.44 ലക്ഷം കോടി രൂപയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാകാര്യം ചെയ്യുന്ന ഭാവത്തില്‍ ഏകപക്ഷീയമായ നടപടിയിലൂടെ നിര്‍ത്തലാക്കിയത്. നോട്ടു നിരോധനത്തിലൂടെ മൂന്ന് ലക്ഷം കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തുമെന്നും അത് പാവപ്പെട്ട ജനങ്ങളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുമെന്നാണ് ബിജെപി പറഞ്ഞിരുന്നത്. എന്നാല്‍ നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സന്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയെന്നും അദ്ദേഹം പറഞ്ഞു.
നോട്ടുമാറാനുള്ള ക്യൂവില്‍നിന്ന 150 പേര്‍ മരണമടഞ്ഞു. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ നോട്ട് നിരോധനം കാരണം രണ്ട് ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടതായി കണക്കുകള്‍ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞതുപോലെ നോട്ട് നിരോധനം സംഘടിത കുറ്റവും നിയമാനുസൃത കൊള്ളയുമാണ് എന്ന് പകല്‍ പോലെ വ്യക്തമായി. ഈ വസ്തുക്കള്‍ മറച്ചുവച്ചുകൊണ്ട് നോട്ട് നിരോധനം വന്‍ വിജയമാണെന്നും മൂന്ന് ലക്ഷം കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു എന്നുമാണ് സ്വതന്ത്ര ദിന പ്രസംഗത്തില്‍ പോലും മോദി അവകാശപ്പെട്ടത്.
സ്വതന്ത്ര ദിനത്തില്‍ പോലും ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്നാണ് റിസര്‍വ് ബാങ്ക് ഓഫ്
ഇന്ത്യ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നതെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.













