രാജീവ് ചന്ദ്രശേഖര്‍ ബിജെപി പ്രസിഡന്റായതോടെ മുസ്ലീം പ്രേക്ഷകര്‍ കൈയൊഴിഞ്ഞു? ഏഷ്യനെറ്റിന് പിഴച്ചതെവിടെ?


തുടര്‍ച്ചയായി നാലാം ആഴ്ചയും ബാര്‍ക്ക് റേറ്റിംഗില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഏഷ്യാനെറ്റിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു
രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായത് എഷ്യാനെറ്റിന് തിരിച്ചടിയായോ?മുസ്ലിം പ്രേക്ഷകര്‍ കേരളത്തിലെ ആദ്യത്തെ വാര്‍ത്താചാനലിനെ കൈയ്യൊഴിഞ്ഞോ?
കെ വി നിരഞ്ജന്‍


കേരളത്തിലെ നമ്പര്‍ വണ്‍ വാര്‍ത്താചാനല്‍ ഏതെന്ന് ചോദിച്ചാല്‍ ഏത് അഭിപ്രായവ്യത്യാസമുള്ളവരും ഏകസ്വരത്തില്‍ പറയുന്ന പേര് ഏഷ്യാനെറ്റ് എന്ന് തന്നെയാണ്. വാര്‍ത്താ അവതരണത്തിലെ നിലവാരവും റിപ്പോര്‍ട്ടര്‍മാരുടെ ഡെപ്ത്തും ചര്‍ച്ചകളില്‍ പുലര്‍ത്തുന്ന പക്വതയുമെല്ലാം ഏഷ്യാനെറ്റിനെ മലയാളത്തിലെ ഒരു ബ്രാന്‍ഡാക്കി മാറ്റി എന്ന കാര്യത്തില്‍ വിമര്‍ശകര്‍ക്ക് പോലും എതിരഭിപ്രായമില്ല. ബാര്‍ക്ക് റേറ്റിംഗില്‍ ഒന്നോ രാണ്ടോ തവണ ചില ചാനലുകള്‍ ഏഷ്യാനെറ്റിനെ പിന്നിലാക്കിയെന്നതൊഴിച്ചാല്‍ കേരളത്തില്‍ ഏഷ്യാനെറ്റിന്റെ തേരോട്ടം തന്നെയായിരുന്നു ഇതുവരെ കണ്ടത്.


എന്നാല്‍ ഇപ്പോള്‍ തുടര്‍ച്ചയായി നാലാഴ്ചയായി എഷ്യാനെറ്റിനെ മറികടന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ വ്യക്തമായ ആധിപത്യം നേടിയിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എന്റര്‍ടൈയിമെന്റിന് പ്രാധാന്യം നല്‍കുന്ന ചാനലാണ്. വാര്‍ത്തകളുടെ ആഴത്തിലുള്ള അവതരണത്തിനേക്കാള്‍ അത് ആകര്‍ഷണീയമായ രീതിയില്‍ അവതരിപ്പിക്കുന്നതാണ് അവരുടെ രീതി. അതുകൊണ്ട് തന്നെ അവര്‍ക്ക് അത്തരത്തിലുള്ള പ്രേക്ഷകരെ കയ്യിലെടുക്കാനും സാധിക്കുന്നുണ്ട്. ഇതേ സ്ട്രാറ്റര്‍ജി തന്നെയാണ് ട്വന്റിഫോര്‍ ന്യൂസും ചെയ്തു കൊണ്ടിരിക്കുന്നത്.

ഗ്രാഫിക്‌സിനും ദൃശ്യമികവിനുമാണ് അവരും പ്രാധാന്യം കൊടുക്കുന്നത്. എന്നാല്‍ വാര്‍ത്ത ആധികാരികമായി അവതരിപ്പിക്കുന്നതാണ് ഏഷ്യാനെറ്റിന്റെ ശൈലി. അതുകൊണ്ട് തന്നെ വാര്‍ത്തയെ ?ഗൗരവമായി കാണുന്നവര്‍ ഏഷ്യാനെറ്റിനെ ആശ്രയിക്കുന്നു.

ഏഷ്യാനെറ്റിന് പിഴച്ചതെവിടെ?

സത്യത്തില്‍ ഒരു മാദ്ധ്യമസ്ഥാപനം എന്ന നിലയില്‍ ഏഷ്യാനെറ്റ് കാര്യമായ ഒരു മാറ്റവും വരുത്തിയിട്ടല്ല റേറ്റിംഗില്‍ പിന്നാക്കം പോയതെന്ന് വ്യക്തമാണ്. എന്നാല്‍ കേരള രാഷ്ട്രീയത്തില്‍ സംഭവിച്ച ചില മാറ്റങ്ങളാണ് ഏഷ്യാനെറ്റിന് തിരിച്ചടിയായത്. ജൂപ്പിറ്റര്‍ എന്റര്‍ടൈന്‍മെന്റ് വെഞ്ചേഴ്സ് (ജെഇവി) ഉടമയായ ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറാണ് ഏഷ്യാനെറ്റിന്റെ ചെയര്‍മാന്‍ എന്ന കാര്യം എല്ലാ കാലത്തും അവരെ അടിക്കാനുള്ള വടിയായി ഉപയോഗിച്ചിരുന്ന സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ രാജീവ് ബിജെപി സംസ്ഥാന അദ്ധ്യക്ഷനായതോടെ ഏഷ്യാനെറ്റിന് എതിരായ ആക്രമണം ശക്തമാക്കി. രാജീവ് ചന്ദ്രശേഖറിന് ചാനലില്‍ നിയന്ത്രണം ഒന്നുമില്ലെന്ന് ജനങ്ങള്‍ക്ക് വിശ്വസിക്കാവുന്ന തീതിയില്‍ ബോധ്യപ്പെടുത്തുന്നതില്‍ ചാനല്‍ പരാജയപ്പെടുകയും ചെയ്തു. ഇതോടെ വലിയൊരു വിഭാഗം മുസ്ലിം പ്രേക്ഷകര്‍ ഏഷ്യാനെറ്റിനെ കൈയ്യൊഴിയുകയും റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള മറ്റു ചാനലുകള്‍ കൂടുതലായി വീക്ഷിക്കാന്‍ തുടങ്ങുകയും ചെയ്തു. ഏഷ്യാനെറ്റിനെ പ്രഥമശത്രുവായി കാണുന്ന ബിജെപി- സംഘപരിവാര്‍ പ്രവര്‍ത്തകരാവട്ടെ അവരുടെ സമീപനം മാറ്റാനും തയ്യാറായില്ല. ചുരുക്കം പറഞ്ഞാല്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായതോടെയുള്ള രാജീവ് ചന്ദ്രശേഖറിന്റെ ആദ്യത്തെ തിരിച്ചടി ആരംഭിക്കുന്നത് ഏഷ്യാനെറ്റില്‍ നിന്നാണ്.

റിപ്പോര്‍ട്ടറിന് മുന്നേറ്റമുണ്ടായോ?

ബാര്‍ക്ക് റേറ്റിംഗില്‍ ഒരു മാസമായി ഒന്നാം സ്ഥാനത്താണെങ്കിലും ഏഷ്യാനെറ്റ് വിട്ട പ്രേക്ഷകര്‍ പൂര്‍ണമായും റിപ്പോര്‍ട്ടര്‍ ചാനലില്‍ എത്തിയെന്ന് പറയാനാവാത്ത സാഹചര്യമാണുള്ളത്. അവസാനത്തെ റേറ്റിംഗില്‍ ട്വന്റി ഫോര്‍ ന്യൂസ് വളരെ മുമ്പിലേക്ക് കയറി വന്നതായി കാണാന്‍ കഴിയും. മാത്രമല്ല മനോരമയാവട്ടെ കെട്ടും മട്ടും മാറി മികച്ച ദൃശ്യാനുഭവം പകരാന്‍ തയ്യാറായി നില്‍ക്കുകയും ചെയ്യുന്നു. ഹര്‍ഷനും സനീഷും നയിക്കുന്ന ന്യൂസ് മലയാളവും വരവറിയിച്ചു കഴിഞ്ഞു. ഉണ്ണി ബാലകൃഷ്ണന്റെ കൂടുമാറ്റവും ജിമ്മി ജെയിംസ് കൂടാരത്തിലേക്ക് വന്നതും റിപ്പോര്‍ട്ടറിനെ എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയണം.

എന്തായാലും എത്ര ഡ്രാമയെന്ന് പറഞ്ഞാലും റിപ്പോര്‍ട്ടറിന്റെ മീറ്റ് ദി എഡിറ്റേഴ്‌സ് ജനപിന്തുണയുള്ള പ്രോഗ്രാം തന്നെയാണ്. ഡോ.അരുണ്‍ കുമാറും സുജയ പാര്‍വ്വതിയും കേരളത്തിലെ ഏറ്റവും ജനപ്രിയരായ അവതാരകരുമാണ്.

കേരളത്തില്‍ ഏറ്റവും വലിയ എന്റര്‍ടൈയിനറായ മാദ്ധ്യമ പ്രവര്‍ത്തകന്‍ അരുണ്‍കുമാറിന്റെ മോര്‍ണിംഗ്‌ഷോ തന്നെയാണ് റിപ്പോര്‍ട്ടറിന്റെ ഗ്രാഫ് ഉയര്‍ത്തുന്ന ഘടകം. എന്നാല്‍ ചാനല്‍ ചര്‍ച്ചയിലെ കാമ്പില്ലാത്ത അവതരണവും നിലവാരമില്ലായ്മയും അവര്‍ക്ക് തിരിച്ചടിയാണ്. പ്രത്യേകിച്ച് സ്മൃതി പരുത്തിക്കാടിന്റെ ചര്‍ച്ചകള്‍. വിനു വി ജോണിനെയോ, അഭിലാഷ് മോഹനെയോ, ഹാഷ്മിയേയോ പോലെയൊരു ആങ്കര്‍ ഇല്ലാത്തത് കുറച്ചൊന്നുമല്ല റിപ്പോര്‍ട്ടര്‍ ചാനലിനെ ബാധിക്കുന്നത്.
ഏഷ്യാനെറ്റിന്റെ ഭാവി
കേന്ദ്രസര്‍ക്കാരിനും നരേന്ദ്രമോദിക്കുമെതിരെ ഇതുവരെ ചെയ്ത വിമര്‍ശനങ്ങള്‍ ഏഷ്യാനെറ്റ് തുടര്‍ന്നാല്‍ പ്രതിരോധത്തിലാവുക അവരുടെ ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പാര്‍ട്ടിയിലെ എതിരാളികള്‍ ഇത് ആയുധമാക്കുക തന്നെ ചെയ്യും. സംസ്ഥാന അദ്ധ്യക്ഷന്റെ ചാനല്‍ തന്നെ പ്രധാനമന്ത്രിയെ ആക്ഷേപിച്ചാല്‍ പിന്നെ എങ്ങനെയാണ് കേരളത്തിലെ ബിജെപി മാദ്ധ്യമ പക്ഷപാതിത്വം ചോദ്യം ചെയ്യുകയെന്നതാണ് അവര്‍ നേരിടുന്ന പ്രശ്‌നം.

ബിജെപിയോട് മൃദുസമീപനം കാണിച്ചാല്‍ സംഘപരിവാര്‍ വിരുദ്ധ പ്രേക്ഷകര്‍ ചാനലിനോട് അകലം പാലിക്കുകയും ബിജെപി വിരുദ്ധതയുള്ള പ്രധാനപ്പെട്ട റിപ്പോര്‍ട്ടര്‍മാര്‍, അവതാരകര്‍ എന്നിവരുടെ ആത്മവിശ്വാസം തകരുകയും ചെയ്യും. റിപ്പോര്‍ട്ടര്‍ വിട്ട് ഏഷ്യാനെറ്റില്‍ ചേരാന്‍ നില്‍ക്കുന്ന ഉണ്ണി ബാലകൃഷ്ണന്‍ മോദി സര്‍ക്കാരിനെതിരെ ദേശാഭിമാനിയില്‍ ലേഖനം എഴുതിയതും അതിനെതിരെ സൈബര്‍ ഇടങ്ങളില്‍ സംഘപരിവാര്‍ പ്രതിഷേധമുണ്ടായതോടെ എഷ്യാനെറ്റ് പ്രവേശനം വൈകുന്നതും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. സത്യം പറഞ്ഞാല്‍ ചെകുത്താനും കടലിനും നടുവിലാണ് ഏഷ്യാനെറ്റ് എന്ന് പറയുന്നതാവും ശരി.



Sharing is Caring