ഭാരതാംബയുടെ ചിത്രം മാറ്റാൻ സാധിക്കില്ല,എല്ലാ ഉദ്ഘാടനത്തിനും ആ ചിത്രം അവിടെത്തന്നെ ഉണ്ടാകുമെന്ന നിലപാട് കടുപ്പിച്ച് രാജ്ഭവൻ . ചിത്രത്തിന് മുന്നിൽ വിളക്കുവെക്കുമെന്നുമാണ് രാജ്ഭവൻ്റെ നിലപാട്. ഇതോടെ ഇനി രാജ്‌ഭവനിൽ സർക്കാർ പരിപാടികൾ നടക്കാനുള്ള സാധ്യതകൾ മങ്ങിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തീരുമാനത്തിൽ രാജ്ഭവൻ ഉറച്ച് നിൽക്കുകയാണ് സർക്കാരിൻ്റെ ഉദ്ഘാടന പരിപാടികളൊന്നും ഇനി ഇവിടെ നടന്നേക്കില്ല. സത്യപ്രതിജ്ഞ മാത്രമാകും രാജ്ഭവനിൽ നടക്കുക. ശിവൻകുട്ടിയുടെ പ്രോട്ടോകോൾ ലംഘനത്തിൽ രാജ്ഭവൻ കൂടുതൽ നടപടികളിലേക്ക് കടക്കില്ല.
മന്ത്രിക്കെതിരായ പ്രസ്താവനയിൽ വിവാദം അവസാനിപ്പിക്കാനാണ് തീരുമാനം.ഭാരതാംബ വിവാദത്തിൽ നിയമപരമായ നടപടികളിലേക്ക് കടക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇത് സംബന്ധിച്ച് ലോ സെക്രട്ടറിയോട് നിയമോപദേശം തേടിയിരിക്കുകയാണ്. ചീഫ് സെക്രട്ടറിയാണ് വിവാദത്തിൽ സർക്കാരിന് എന്തൊക്കെ ചെയ്യാനാകുമെന്ന് ചോദിച്ചിരിക്കുന്നത്. രാജ്ഭവനിലെ പരിപാടിയിൽ എന്തൊക്കെ ചിഹ്നങ്ങൾ വെക്കണമെന്ന പ്രോട്ടോക്കോൾ ഉണ്ടോ, മന്ത്രിസഭക്ക് ഇക്കാര്യത്തിൽ ഉപദേശം നൽകാനാകുമോ എന്ന് വ്യക്തമാക്കണമെന്നാണ് നിർദേശം.

മറുപടിക്ക് ശേഷം സർക്കാർ തുടർനടപടികൾ സ്വീകരിക്കും.ഇന്നലെയാണ് രാജ്ഭവനിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയത്. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രാജ്ഭവൻ തനി രാഷ്ട്രീയ കേന്ദ്രമാകുകയാണെന്നും കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം താൻ പരിപാടി ബഹിഷ്കരിക്കുകയായിരുന്നെന്നും ശിവന്‍കുട്ടി നേരത്തെ പ്രതികരിച്ചിരുന്നു.













