വ്യാജ ഐഡി കാര്‍ഡ് നിര്‍മിച്ച സംഭവത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഉടനുണ്ടായേക്കും


യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ ഇലക്ഷന്‍ കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി നിര്‍മിച്ച സംഭവത്തില്‍ അന്വേഷണം ഉന്നത നേതാക്കളിലേക്ക്. ഏതുവിധേനയും യൂത്ത് കോണ്‍ഗ്രസിന്റെ തലപ്പത്തെത്താന്‍ ആയിരക്കണക്കിന് വ്യാജ ഐഡി കാര്‍ഡുകള്‍ നിര്‍മിച്ചതായി പോലീസ് സംശയിക്കുന്നു.സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് ഐഡി കാര്‍ഡ് നിര്‍മാണവുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതോടെ ശനിയാഴ്ച മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെല്ലാം രാഹുലിന്റെ അടുത്ത കൂട്ടാളികളാണ്.


ഏഴംകുളം അറുകാലിക്കല്‍ പടിഞ്ഞാറ് അഭയം വീട്ടില്‍ അഭിനന്ദ് വിക്രം (29), ഏഴംകുളം തൊടുവക്കാട് കുളിക്കുന്നുകുഴി ബിനില്‍ ബിനു (21), അടൂര്‍ നെല്ലിമൂട്ടില്‍പ്പടി ചാര്‍ളി ഭവനില്‍ ഫെന്നി നൈനാന്‍ (25) പന്തളം കൂരമ്പാല വിഘ്നേശ്വരം വീട്ടില്‍ വികാസ് കൃഷ്ണന്‍ (42) എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. ഇവരില്‍ രണ്ടുപേര്‍ രാഹുലിന്റെ കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അറസ്റ്റ്.രാഹുലിന്റെ സമൂഹമാധ്യമ പ്രചാരണസംഘത്തിലെ പ്രധാനിയാണ് ഫെന്നി നൈനാന്‍. രാഹുല്‍ അറിയാതെ വ്യാജ കാര്‍ഡ് നിര്‍മിക്കില്ലെന്ന് ഉറപ്പാണ്.


രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ള ചില കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലിനെക്കുറിച്ച് വ്യക്തമായ തെളിവു ലഭിച്ചെന്നാണ് വിവരം. അന്വേഷണം കടുത്തതോടെ പല യുവ നേതാക്കളും ഒളിവില്‍ പോയി.സംഭവത്തില്‍ രാഹുലിന്റെ അറസ്റ്റിനായുള്ള ഒരുക്കത്തിലാണ് പോലീസ്. ദേശീയതലത്തില്‍ തന്നെ ഏറെ പ്രാധാന്യമുള്ള കേസാണിതെന്നാണ് വിലയിരുത്തല്‍. ഇത്രയധികം വോട്ടര്‍ വ്യാജ ഐഡി കാര്‍ഡ് നിര്‍മിക്കുന്നത് രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ കേന്ദ്ര ഏജന്‍സി കേസ് അന്വേഷിക്കണണെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

എഡിറ്റിങ്, ഫോട്ടോഷോപ്പ് എന്നിവയില്‍ വൈദഗ്ധ്യമുള്ള വികാസ് കൃഷ്ണനാണ് ഐഡി കാര്‍ഡ് നിര്‍മിച്ചത് എന്നാണ് സൂചന. വികാസ് വാട്സാപ്പിലൂടെ അയച്ചുനല്‍കിയ കാര്‍ഡുകള്‍ മറ്റു പ്രതികള്‍ ചേര്‍ന്ന് ആപ്പില്‍ അപ്ലോഡ് ചെയ്തു. 25 ഓളം വ്യാജ കാര്‍ഡുകള്‍ പൊലീസ് ഇതിനകം കണ്ടെടുത്തിട്ടുണ്ട്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലും സംഘവും പതിവായി എത്താറുള്ള കടമ്പനാട്ടെ പ്രവാസിയുടെ ആഡംബര വീട്ടിലാണ് കാര്‍ഡ് നിര്‍മിച്ചതെന്ന് പറയപ്പെടുന്നു. കോണ്‍ഗ്രസിന്റെ രണ്ട് യുവ എംഎല്‍എമാര്‍ പതിവു സന്ദര്‍ശകരാണെന്നും സമീപവാസികള്‍ അറിയിച്ചു.



Sharing is Caring