ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അമേഠിയിലും രാഹുല്‍ ഗാന്ധി മത്സരിച്ചേക്കും

വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അമേഠിയിലും രാഹുല്‍ ഗാന്ധി മത്സരിച്ചേക്കും. ഗാന്ധി കുടുംബം വടക്കേ ഇന്ത്യ ഉപേക്ഷിച്ചാലുണ്ടാകാവുന്ന രാഷ്ട്രീയ തിരിച്ചടി കണക്കിലെടുത്താണ് തീരുമാനം. റായ്ബറേലിയില്‍ മത്സരിക്കണമെന്ന പാര്‍ട്ടി ആവശ്യത്തോട് പ്രിയങ്ക ഗാന്ധി ഇനിയും പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞയാഴ്ച ഭാരത് ജോഡോ യാത്രയുമായാണ് 2019ലെ തോല്‍വിക്ക് ശേഷം രാഹുല്‍ ഗാന്ധി അമേഠിയിലേക്കെത്തിയത്. തൊഴിലില്ലായ്മയും, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും എണ്ണിപ്പറഞ്ഞ് 5 വര്‍ഷങ്ങള്‍ക്കിപ്പുറം വോട്ടര്‍മാരോട് സംസാരിച്ചു.

രാഹുല്‍ ഗാന്ധിയുടെ അമേഠി പര്യടനത്തില്‍ ഉടനീളം യുവാക്കളുടെ വലിയ പിന്തുണയും കണ്ടു. തോല്‍വിയില്‍ ഭയന്ന രാഹുലിന് തിരിച്ചുവരാന്‍ ധൈര്യമുണ്ടോയെന്ന ബിജെപിയുടെ വെല്ലുവിളിക്കിടെയാണ് അമേഠിയിലേക്ക് നീങ്ങാനുള്ള തീരുമാനം. കഴിഞ്ഞ തവണത്തെ സാഹചര്യമല്ല ഇക്കുറിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. സമാജ് വാദി പാര്‍ട്ടിയുമായുള്ള സഖ്യം ഗുണം ചെയ്യുമെന്ന് കരുതുന്നു.സിറ്റിംഗ് എംപി സ്മൃതി ഇറാനിക്ക് മണ്ഡലം നിലനിര്‍ത്തുക എളുപ്പമാവില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാചക വാതക വിലക്കയറ്റം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സാധാരണക്കാര്‍ക്കിടയില്‍ രോഷമുണ്ട്. സാഹചര്യം മനസിലാക്കി ഭാരത് ജോഡോ യാത്രയിലൂടെ അമേഠിയിലേക്ക് രാഹുല്‍ ഒരു റീ എന്‍ട്രി നടത്തുകയായിരുന്നു. രാഹുലിന്റെ സാധ്യത തള്ളാതെ, കോണ്‍ഗ്രസിന് ഏറെ പ്രധാനപ്പെട്ട മണ്ഡലമാണ് അമേഠിയെന്ന്, രാജീവ് ഗാന്ധിയുടെയും, രാഹുല്‍ ഗാന്ധിയുടെയുമൊക്കെ മത്സര ചരിത്രം ഓര്‍മ്മപ്പെടുത്തി ജയറാം രമേശ് പ്രതികരിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *