ഭൂരിപക്ഷം വർധിപ്പിച്ച് ‘രാഘവേട്ടൻ’; തകർന്നടിഞ്ഞ് സിപിഎം

കോഴിക്കോട്: ഓരോ മത്സരത്തിലും തന്റെ ഭൂരിപക്ഷം വർധിച്ചാണ് എം കെ രാഘവൻ മുന്നോട്ട് പോയത്. ഏറ്റവും മികച്ച സ്ഥാനാർത്ഥികളെ രംഗത്തിറക്കി സി പിഎം പോരാട്ടം നടത്തുമ്പോഴും ഓരോ തവണയും തന്റെ ഭൂരിപക്ഷം വർധിപ്പിച്ച് എം കെ രാഘവൻ മറുപടി നൽകും. കഴി‍ഞ്ഞ മൂന്നു തവണത്തെയു തെരഞ്ഞെടുപ്പിന്റെ തുടർച്ചയായിരുന്നു ഇത്തവണയും. എന്നാൽ എൽഡിഎഫ് കേന്ദ്രങ്ങളെ പോലും ഞെട്ടിച്ചാണ് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ കോഴിക്കോട് മണ്ഡലത്തിൽ ഭൂരിപക്ഷം ഉയർത്തിയത്. 1,46,176 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയത്. കോഴിക്കോടിന്റെ പാർലമെന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് ഇത്.

എം കെ രാഘവൻ 5,20, 421 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി എളമരംകരീമിന് 3,74,245 വോട്ടുകൾ നേടാനേ കഴിഞ്ഞുള്ളൂ. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകൾ കൂടി ലക്ഷ്യമിട്ടായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ കരീമിനെ രംഗത്തിറക്കിയത്. ലീഗിനും സമസ്തയ്ക്കും ഇടയിലെ ഭിന്നതകൾ കൂടിയാകുമ്പോൾ എളമരം കരീം ജയിക്കുമെന്നായിരുന്നു പാർട്ടി പ്രതീക്ഷിച്ചത്. പലസ്തീൻ ഐക്യദാർഢ്യ റാലികൾ ഉൾപ്പെടെ സംഘടിപ്പിച്ച് പാർട്ടി മണ്ഡലത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കി. മുസ്ലീം പണ്ഡിതൻമാരെയെല്ലാം അണിനിരത്തി നടത്തിയ പരിപാടികളുടെ വിജയം ശുഭപ്രതീക്ഷയായിരുന്നു സി പി എമ്മിന് നൽകിയത്. തുടർച്ചയായി മത്സരിക്കുന്ന എം കെ രാഘവനോട് മണ്ഡലത്തിലെ വോട്ടർമാർക്കുണ്ടാവുന്ന അതൃപ്തി മുതലെടുക്കാമെന്നും പാർട്ടി കരുതി. എന്നാൽ എം കെ രാഘവന്റെ അസാധാരണമായ മുന്നേറ്റത്തിന് മുന്നിൽ എല്ലാം തകർന്നടിഞ്ഞു.

അവകാശവാദവുമായ് കളംനിറഞ്ഞ ബിജെപി സ്ഥാനാർഥി എം ടി രമേശ് 1,80, 666 വോട്ടുകളാണ് നേടാനായത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 85,225 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു രാഘവൻ വിജയിച്ചത്. 2019ൽ അദ്ദേഹം 4,93,444 വോട്ടുകളായിരുന്നു നേടിയത്. ഇത്തവണ വോട്ട് 5,20, 421 വോട്ടുകളായി ഉയർത്തി. 2019ൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ പ്രദീപ്കുമാർ 4,08,219 വോട്ടുകൾ നേടിയപ്പോൾ ഇത്തവണ എളമരം കരീമിന് ലഭിച്ചത് 3,74,245 വോട്ടുകളാണ്. എൽഡിഎഫിന് 33974 വോട്ടുകൾ കഴിഞ്ഞ തവണത്തേക്കാൾ കുറഞ്ഞപ്പോൾ യുഡിഎഫിന് വോട്ടുകൾ 26,977 വോട്ടുകൾ വർധിച്ചു.

കോഴിക്കോട് മണ്ഡലത്തിന്റെ ഭാഗമായ കോഴിക്കോട് സൗത്ത്, നോർത്ത്, ബേപ്പൂർ, എലത്തൂർ, കുന്ദമംഗലം, ബാലുശ്ശേരി, കൊടുവള്ളി നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് തേരോട്ടത്തിൽ സിപിഎം കേന്ദ്രങ്ങൾ പകച്ചു. കാലങ്ങളായ് എൽഡിഎഫ് വിജയിക്കുന്ന ബാലുശ്ശേരിയിൽ 17634 വോട്ടിന്റെയും എലത്തൂരിൽ 10491 വോട്ടിന്റെയും ബേപ്പൂരിൽ 19561 വോട്ടിന്റെയും കുന്ദമംഗലത്ത് 23700 വോട്ടിന്റെയും വൻ ഭൂരിപക്ഷമാണ് എം കെ രാഘവൻ നേടിയത്. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരിലും മന്ത്രി എ കെ ശശീന്ദ്രന്റെ മണ്ഡലമായ എലത്തൂരിലും സിപിഎം സ്ഥാനാർഥി എളമരം കരീമിന് അടിതെറ്റി. ഇതിൽ ബേപ്പൂർ എളമരം കരീമിന്റെ പഴയ മണ്ഡലമാണെന്ന സവിശേഷതയുമുണ്ട്. കോഴിക്കോട് നോർത്തിൽ എം. കെ രാഘവൻ 14931 വോട്ടിന്റെയും കോഴിക്കോട് സൗത്തിൽ 21063 വോട്ടിന്റെയും ഭൂരിപക്ഷം നേടിയപ്പോൾ യുഡിഎഫിന്റെ സിറ്റിങ് സീറ്റായ കൊടുവള്ളിയിൽ 38644 വോട്ടാണ് അധികമായ് ലഭിച്ചത്.

പൊതുവെ കോൺഗ്രസിനോടുള്ള അനുകൂല തരംഗവും രാഘവന്റെ ജനകീയതയുമാണ് ഈ വലിയ വിജയത്തിന്റെ അടിസ്ഥാന കാരണമെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിയാത്ത ഇടങ്ങളിൽ പോലും രാഘവന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയുന്നതും ശ്രദ്ധേയമായ കാര്യമാണ്. എം കെ. രാഘവൻ തുടർച്ചയായി നാലാം തവണയാണ് കോഴിക്കോടിന്റെ ജനപ്രതിനിധിയാകുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *