വി ഡി സതീശനെതിരായ അഴിമതി ആരോപണം പിന്‍വലിച്ച് ക്ഷമ ചോദിച്ച് പി വി അന്‍വര്‍

പ്രതിപക്ഷ നേതാവിനെതിരായ അഴിമതി ആരോപണം പിന്‍വലിച്ച് ക്ഷമ ചോദിച്ച് പി വി അന്‍വര്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്‍ദേശ പ്രകാരമാണ് ആരോപണം ഉന്നയിച്ചതെന്ന് പി വി അന്‍വര്‍ വെളിപ്പെടുത്തി. നിരന്തരം മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങളില്‍ അമര്‍ഷം ഉണ്ടായിരുന്നു. അങ്ങനെയാണ് പി ശശിയുടെ നിര്‍ദേശ പ്രകാരം അഴിമതി ആരോപണം ഉന്നയിച്ചതെന്നും അന്‍വര്‍ വെളിപ്പെടുത്തി. എംഎല്‍എ സ്ഥാനം രാജിവെച്ച ശേഷം തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് പി വി അന്‍വറിന്റെ വെളിപ്പെടുത്തല്‍.’പാപഭാരങ്ങള്‍ ചുമന്നാണ് നടക്കുന്നത്.

മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയും നിരവധി ആരോപണങ്ങള്‍ മാത്യു കുഴല്‍നാടന്‍ ഉള്‍പ്പെടെയുള്ളവര്‍ കൊണ്ടുവന്നിരുന്നു. അതില്‍ പ്രതിപക്ഷത്തോട് വിദ്വേഷം ഉണ്ടായിരുന്നു. ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണ് സതീശനെതിരെ ആരോപണം ഉന്നയിക്കാന്‍ പറയുന്നത്. 150 കോടിയുടെ അഴിമതി സതീശന്‍ നടത്തിയെന്ന് എംഎല്‍എ സഭയില്‍ ഉന്നയിക്കണമെന്ന് പറഞ്ഞു. എനിക്കും ആവേശം വന്നു. പിതാവിനെ പോലെ സ്‌നേഹിച്ച വ്യക്തിയെ ആക്രമിക്കുന്നതില്‍ എനിക്ക് അമര്‍ഷം ഉണ്ടായിരുന്നു. അങ്ങനെയാണ് വി ഡി സതീശനെതിരെ ആരോപണം ഉന്നയിക്കുന്നത്. സ്പീക്കറുടെ അനുമതിയോടെയാണ് ഉന്നയിക്കുന്നത്’, പി വി അന്‍വര്‍ പറഞ്ഞു.

പി ശശി അന്ന് മുതല്‍ തന്നെ ലോക്ക് ചെയ്യാന്‍ ശ്രമം തുടങ്ങിയിരുന്നുവെന്നും പ്രതിപക്ഷ നേതാവിനുണ്ടായ മാനഹാനിക്ക് കേരളത്തിലെ ജനതയോട് ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് മാപ്പ് സ്വീകരിക്കണമെന്നും അന്‍വര്‍ അഭ്യര്‍ത്ഥിച്ചു.കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ സി വേണുഗോപാലും മറ്റു സംസ്ഥാനങ്ങളിലെ ഐ ടി ലോബിയില്‍ നിന്നും 150 കോടി കൈപ്പറ്റിയെന്നായിരുന്നു നിയമസഭയില്‍ പി വി അന്‍വര്‍ ഉന്നയിച്ചത്.

2021 ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളില്‍ 150 കോടി രൂപ കൈക്കൂലിയായി സതീശന്റെ കൈയ്യിലെത്തി. ബെംഗളൂരുവില്‍ നിന്നും ശീതികരിച്ച മത്സ്യം കൊണ്ടുവന്ന കണ്ടെയ്‌നർ ലോറിയില്‍ 50 കോടി വീതം മൂന്ന് ഘട്ടമായാണ് പണം എത്തിച്ചത്. അവിടെനിന്ന് രണ്ട് ആംബുലന്‍സുകളിലായി പണം സതീശന്റെ കൂട്ടാളികളുടെ കൈയിലെത്തിച്ചു. പല സ്ഥാനാര്‍ഥികള്‍ക്കും പണം കിട്ടിയില്ല. പ്രതിപക്ഷനേതാവ് പണം ബെംഗളൂരുവില്‍ കൊണ്ടുപോയി നിക്ഷേപിച്ചു. മാസത്തില്‍ മൂന്നുതവണ സതീശന്‍ ബെംഗളൂരുവില്‍ പോകുന്നുണ്ട്. തൃക്കാക്കര തിരഞ്ഞെടുപ്പിനും 25 കോടി എത്തി എന്നായിരുന്നു ആരോപണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *