പോലീസിലെ ഉന്നതര്‍ക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയ്ക്കുമെതിരായി പി വി അന്‍വര്‍ എം എല്‍ എ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്.
പി ശശി അധികാര കേന്ദ്രമായി പ്രവര്‍ത്തിക്കുകയാണെന്നും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നുവെന്നും പി വി അന്‍വര്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും നല്‍കിയ പരാതികളില്‍ ആരോപിക്കുന്നു. അന്‍വറിന്റെ പരാതിയില്‍ പറയുന്ന എസ് പി സുജിത് ദാസിനെ ഇന്നലെ മുഖ്യമന്ത്രി സസ്‌പെന്റ് ചെയ്തിരുന്നു. ആരോപണങ്ങളുടെ കേന്ദ്രബിന്ദുവായ പി ശശിക്കെതിരെ പരാതികള്‍ അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ വെച്ചേക്കും എന്നാണ് സൂചന.

തനിക്കെതിരെ പാര്‍ട്ടി തലത്തില്‍ ഗൂഡാലോചന നടക്കുന്നുവെന്ന നിലപാടിലാണ് പി ശശി. എസ് എഫ് ഐ കാലം മുതല്‍ നേരിട്ട വിവിധ കുതന്ത്രങ്ങളെ മറികടന്നാണ് താന്‍ മുന്നോട്ടു പോയതെന്ന പി ശശിയുടെ പ്രതികരണവും പാര്‍ട്ടി ഗൗരവമായാണ് കാണുന്നത്. അച്ചടക്ക നടപടിയെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തനം നിര്‍ത്തി അഭിഭാഷക വൃത്തിക്കുപോയിരുന്ന പി ശശിയെ പാര്‍ട്ടിയില്‍ തിരികെ കൊണ്ടുവന്ന് ഉന്നത പദവി ഏല്‍പ്പിച്ചതിന്റെ സാംഗത്യം പാര്‍ട്ടിയുടെ ഗൗരവമയാ പരിശോധനക്ക് വരുന്നു എന്നതാണ് ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിന്റെ പ്രത്യേകത.













