കൂത്തുപറമ്പ് സമരനായകന് അന്ത്യാഞ്ജലി; പുഷ്പന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും


അന്തരിച്ച കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. തലശ്ശേരിയിലും ചൊക്ലിയിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് അഞ്ചിനാണ് സംസ്‌കാരം. പുഷ്പനെ അവസാനമായി ഒരുനോക്ക് കാണാന്‍ വീട്ടിലേക്ക് അണമുറിയാത്ത ജനപ്രവാഹമായിരുന്നു.


പോലീസ് വെടിവെപ്പില്‍ പരുക്കേറ്റ് ശരീരം തളര്‍ന്ന് 30 വര്‍ഷത്തോളമായി കിടപ്പിലായിരുന്നു പുഷ്പന്‍. 54 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.


പാര്‍ട്ടിക്കാര്‍ക്കിടയില്‍ ജീവിക്കുന്ന രക്തസാക്ഷി എന്നായിരുന്നു പുഷ്പന്‍ അറിയപ്പെട്ടിരുന്നത്. 1994 നവംബര്‍ 25-ന് സ്വാശ്രയ കോളജുകള്‍ക്ക് എതിരായ സമരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് പുഷ്പന് പോലീസിന്റെ വെടിയേറ്റത്. കൂത്തുപറമ്പില്‍ ബേങ്ക് ശാഖയുടെ ഉദ്ഘാടനത്തിനെത്തിയ അന്നത്തെ മന്ത്രി എം വി രാഘവനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇവരെ മാറ്റുന്നതിനായി പോലീസ് നടത്തിയ വെടിവെപ്പിലാണ് പുഷ്പന് വെടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ പുഷ്പന്‍ ഇതോടെ കിടപ്പിലാവുകയായിരുന്നു.ഡി വൈ എഫ് ഐ നിര്‍മിച്ചു നല്‍കിയ വീട്ടിലായിരുന്നു താമസം.

ഡി വൈ എഫ് ഐ പ്രവര്‍ത്തകരായ കെ കെ രാജീവന്‍, മധു, ഷിബുലാല്‍, ബാബു, റോഷന്‍ എന്നിവര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. പുഷ്പന്‍ അടക്കം ആറോളം പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.



Sharing is Caring