പിഎസ് ജിയുടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ സൗദിയിലേക്ക്


പിഎസ് ജിയുടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ സൗദിയിലേക്ക്. സൗദിയിലെ അല്‍ ഹിലാല്‍ ക്ലബ്ബുമായി താരം കരാറിലെത്തിയതായി റിപ്പോര്‍ട്ട്.’അല്‍ ഹിലാലുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് നെയ്മര്‍ ധാരണയിലെത്തിയത്.


160 ദശലക്ഷം യൂറോയാണ് ട്രാന്‍സ്ഫര്‍ തുക. ഫ്രഞ്ച് ക്ലബ് പിഎസ് ജിയുമായി ട്രാന്‍സ്ഫര്‍ സംബന്ധിച്ച്‌ അല്‍ ഹിലാല്‍ ക്ലബ് ധാരണയിലെത്തി. ഇന്നു തന്നെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി കരാര്‍ ഒപ്പിട്ടേക്കും.


അല്‍ ഹിലാലും അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ക്ലബ്ബുകളും മുന്‍ ക്ലബ് ബാഴ്സലോണയുമാണ് നെയ്മറിനെ സ്വന്തമാക്കാനായി രംഗത്തുണ്ടായിരുന്നത്. 2025 വരെ കരാര്‍ ബാക്കിയുള്ളപ്പോഴാണ് നെയ്മര്‍ പിഎസ്ജിയുമായുള്ള ബന്ധം അവസാനിപ്പിച്ച്‌ സൗദി ക്ലബ്ബിലേക്ക് മാറുന്നത്.2017ല്‍ ലോക ഫുട്ബോളിലെ സര്‍വകാല റെക്കോഡ് തുകയ്ക്കാണ് ബ്രസീല്‍ താരം ബാഴ്സലോണയില്‍നിന്ന് പിഎസ്ജിയിലേക്ക് എത്തിയത്. 243 മില്യണ്‍ ഡോളറായിരുന്നു ട്രാന്‍സ്ഫര്‍ തുക. ഫ്രഞ്ച് ക്ലബ്ബിനായി 173 മത്സരത്തില്‍നിന്ന് 118 ഗോളുകള്‍ നെയ്മര്‍ നേടിയിട്ടുണ്ട്.

സൂപ്പര്‍‌ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരീം ബെൻസേമ, സാദിയോ മാനെ, എൻഗോളോ കാന്റെ, റിയാദ് മെഹ്‌റസ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ സൗദി ക്ലബ്ബുകളിലാണ് കളിക്കുന്നത്. പിഎസ്ജിയില്‍ നിന്ന് സീസണിന്റെ തുടക്കത്തില്‍ അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി അമേരിക്കയിലെ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയിരുന്നു.



Sharing is Caring